ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്, ആശ്വാസ വാര്‍ത്തയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ആശ്വാസമേകി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്.

നിപ്പ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവില്‍ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

also read: അജയ് രാജിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഭാര്യയ്ക്കും അയച്ചു, ക്യാന്‍ഡി ക്യാഷിന് പുറമെ മറ്റ് വായ്പ ആപ്പുകളും! കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ്

ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസ വാര്‍ത്തയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങള്‍ കൂടി നെഗറ്റീവായത്.

കോഴിക്കോടിനു പുറമേ മറ്റു ജില്ലകളില്‍നിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേന്ദ്രസംഘം ഇന്നും ഫീല്‍ഡിലുണ്ടെന്നും ഇന്ന് കേന്ദ്രസംഘവുമായി വളരെ വിശദമായ ചര്‍ച്ച നടത്തിയിരുന്നുവെന്നും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചുവെന്നും മന്ത്രി പറഞ്ഞു.

Exit mobile version