ആശങ്ക വേണ്ട; നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി

അഞ്ച് പേരുടെയും സാംപിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇത് നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി: നിപ്പാ ബാധിച്ച് ചികിത്സയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം, കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ വളരെ ശ്രദ്ധയോടെ പരിചരിക്കുകയാണ്. അഞ്ച് പേരുടെയും സാംപിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇത് നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തിനകം ഫലം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ്പായുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം ദ്രുതഗതിയിലാണ് ശ്രമങ്ങള്‍ നടത്തുന്നത്. നിപ്പായുടെ തുടക്കം എവിടെ നിന്നെന്ന് പെട്ടെന്ന് കണ്ടെത്താനാകില്ല. രോഗം ഭേദമായ ശേഷം വിദ്യാര്‍ത്ഥിയോട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ മൂന്ന് മണിക്ക് എറണാകുളം കളക്ട്രേറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നാളെ തന്നെ പ്രവേശനോത്സവം നടക്കുമെന്നും സംസ്ഥാന വ്യാപകമായി സ്‌കൂളുകള്‍ അടച്ചിടേണ്ട കാര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version