ആനവണ്ടിയുടെ നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന; ചില്ലില്‍ ആഞ്ഞടിച്ചു; യാത്രികര്‍ കൂട്ടനിലവിളിയില്‍! മനസാന്നിധ്യം മുറുകെ പിടിച്ച് നിര്‍ത്താതെ ഹോണടിച്ച് ആനയെ ഓടിച്ച് ഡ്രൈവര്‍!

ആനയെ കണ്ടപ്പാടെ കൂട്ടനിലവിളി ഉയര്‍ന്നുവെങ്കിലും ധൈര്യം കൈവിടാതെ ഡ്രൈവര്‍ ജയപ്രകാശ് ആനയെ ഓടിക്കാനുള്ള വഴികള്‍ തേടി.

സുല്‍ത്താന്‍ ബത്തേരി: പാട്ടവയല്‍-ബത്തേരി റൂട്ടില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയെ വഴിമുടക്കി കാട്ടു കൊമ്പന്‍. അഞ്ച് മിനിറ്റോളമാണ് യാത്രികരെ പരിഭ്രാന്തിയിലാക്കി കൊമ്പന്റെ പരാക്രമം നടന്നത്. കൊമ്പനെ കണ്ടതോടെ ബസില്‍ കൂട്ട കരച്ചിലായി. കുട്ടികള്‍ ഉള്‍പ്പടെ 50ഓളം യാത്രികരാണ് വാഹനത്തില്‍ ഉണ്ടായത്.

ആനയെ കണ്ടപ്പാടെ കൂട്ടനിലവിളി ഉയര്‍ന്നുവെങ്കിലും ധൈര്യം കൈവിടാതെ ഡ്രൈവര്‍ ജയപ്രകാശ് ആനയെ ഓടിക്കാനുള്ള വഴികള്‍ തേടി. നിര്‍ത്താതെ ഹോണടിച്ചാണ് ആനയെ ഓടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ബസിന്റെ ചില്ലിലേയ്ക്ക് ആന അടിക്കാനായി തുമ്പി കൈയ്യും ഉയര്‍ത്തി. എന്നാല്‍ അപ്പോഴും ഹോണടി തുടര്‍ന്നു. ഡ്രൈവര്‍ക്ക് ആത്മധൈര്യം പകര്‍ന്ന് കണ്ടക്ടറായ ടിവി ബേബിയും ഓടിയെത്തി. കൂട്ട പരിശ്രമത്തിനൊടുവില്‍ ആന പിന്‍വാങ്ങുകയായിരുന്നു. അപ്പോഴാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം ശ്വാസം നേരെ വീണത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

പാട്ടവയലില്‍ നിന്നു ബത്തേരിയിലേക്ക് അന്‍പതോളം യാത്രക്കാരുമായി വരികയായിരുന്നു ബസ്. ചെട്യാലത്തൂര്‍ കവലയിലെത്തിയപ്പോഴാണ് റോഡിനു നടുവില്‍ കാട്ടുകൊമ്പന്‍ വഴിമുടക്കി നിന്നത്. ഇതോടെ മറ്റ് യാത്രികര്‍ക്കും പോകാന്‍ കഴിയാത്ത സ്ഥിതി ആവുകയായിരുന്നു. 3 തവണ കൊമ്പന്‍ അടിക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ കാട്ടിലേക്കിറങ്ങിപ്പോയി. കാട്ടാനകളെ വഴിയരികില്‍ കാണാറുണ്ടെങ്കിലും ഇത്തരത്തിലുള്ള അനുഭവം ആദ്യമാണെന്നു കണ്ടക്ടര്‍ ബേബി പറയുന്നു.

Exit mobile version