എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം; നിപ്പായെ കീഴടക്കാം; ഭീതി വേണ്ട, ജാഗ്രത മതി! സന്ദേശവുമായി മമ്മൂട്ടി

ഒന്നിച്ചു നില്‍ക്കാം, നിപ്പായെ കീഴടക്കാം. നിപ്പായില്‍ ഭീതി വേണ്ട, ജാഗ്രത മതിയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: നിപ്പാ രോഗം സ്ഥിരീകരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഭയമല്ല, ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന സന്ദേശവുമായി സൂപ്പര്‍താരം മമ്മൂട്ടി. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നാം ഇതിനു മുമ്പ് ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണെന്നും, ചെറുത്തു തോല്‍പ്പിച്ചവരാണെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു.

ഒന്നിച്ചു നില്‍ക്കാം, നിപ്പായെ കീഴടക്കാം. നിപ്പായില്‍ ഭീതി വേണ്ട, ജാഗ്രത മതിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകളും കുറിപ്പില്‍ മമ്മൂട്ടി നേര്‍ന്നിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിപ്പാ രോഗം സ്ഥിരീകരിച്ചെന്നും ആശങ്ക പടര്‍ത്തരുത് ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശവുമാ യി രംഗത്തെത്തിയിരുന്നു.

അതേസമയം എറണാകുളത്ത് നിപ്പാ ബാധ സ്ഥിരീകരിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലെ അവസ്ഥ സ്റ്റേബിള്‍ ആണെന്നും മന്ത്രി പറഞ്ഞു. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയോട് ഇപ്പോള്‍ കാര്യങ്ങള്‍ ചോദിച്ച് അസ്വസ്ഥനാക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് മെന്റല്‍ സ്റ്റെബിലിറ്റി കൂടി വേണം. അതുകൊണ്ട് തന്നെ പ്രത്യേക സംഘം എത്തി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!

Exit mobile version