പ്രളയ നിയന്ത്രണം; നാല് അണക്കെട്ടുകള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതി

പുതുതായി വലിയൊരു അണക്കെട്ടുകൂടി നിര്‍മ്മിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു

തിരുവനന്തപുരം: മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. 1924 ലെ പ്രളത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ വീണ്ടുമൊരു പ്രളയമുണ്ടാകുന്നതു തടയാന്‍ കഴിയുമെന്ന വാദമുയര്‍ത്തി കേരളത്തില്‍ നാലു വന്‍കിട അണക്കെട്ടുകള്‍കൂടി നിര്‍മ്മിക്കാന്‍ ആലോചന. പെരിങ്ങല്‍ക്കുത്ത്, പൂയംകുട്ടി, അച്ചന്‍കോവില്‍, കുര്യാര്‍കുട്ടി-കാരപ്പാറ എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

പെരിങ്ങല്‍ക്കുത്തില്‍ ഇപ്പോള്‍ ഒരു അണക്കെട്ടുണ്ട്. ഇവിടെ പുതുതായി വലിയൊരു അണക്കെട്ടുകൂടി നിര്‍മ്മിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. മറ്റുള്ള അണക്കെട്ടുകള്‍ക്ക് നേരത്തേ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും പാരിസ്ഥിതികാനുമതി കിട്ടാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നടക്കാതെപോയി. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇവ പൊടിതട്ടിയെടുക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ ആഘാതം കുറച്ചത് അണക്കെട്ടുകളാണെന്നാണ് ജലക്കമ്മിഷന്റെ നിലപാട്. എന്നാല്‍ അണക്കെട്ടുകള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന്റെ ആഘാതം കൂട്ടിയതെന്ന് മറ്റു ചില വിഭാഗങ്ങല്‍ ആരോപിച്ചിരുന്നു.

Exit mobile version