ഡാം തുറക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക: മീന്‍ പിടിത്തം, കുളി, തുണി അലക്കല്‍, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് ഒന്നും വേണ്ട; അതീവ ജാഗ്രത പാലിക്കണം

കൊച്ചി: ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉയര്‍ത്തി 50 cm വീതം 100 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.

50 സെന്റി മീറ്റര്‍ രണ്ട് ഷട്ടര്‍ തുറന്ന് 100 ക്യുമക്‌സ് (ഒരു ലക്ഷം ലിറ്റര്‍ ) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.

ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു.

തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേരെയും ഉപ്പുതോട് 5 കുടുംബങ്ങളില്‍ 15 പേരെയും, വാത്തിക്കുടി 4 (15), കഞ്ഞിക്കുഴി 8(36), ഇടുക്കി 39(136) കുംടുബങ്ങളെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്‌സ്, പോലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്.

ഇടുക്കി ഡാം നാളെ രാവിലെ 11 മണിയ്ക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 2398.86 അടിയില്‍ ജലനിരപ്പ് എത്തും.

ചൊവ്വാഴ്ച രാവിലെ ഇടുക്കി ഡാം(ചെറുതോണി) തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Exit mobile version