ആശ്വാസ വാര്‍ത്ത, നിപ്പാ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരം; 50ഓളം പേര്‍ നിരീക്ഷണത്തില്‍! ജാഗ്രത

ശക്തമായ പനിയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും തൃശ്ശൂര്‍ ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: കഴിഞ്ഞ ദിവസമാണ് കോഴിക്കോടിനെ വിറപ്പിച്ച നിപ്പാ വൈറസ് വീണ്ടും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പറവൂര്‍ സ്വദേശിയായ യുവാവിനാണ് നിപ്പാ ബാധിച്ചുവെന്ന സംശയം ഉടലെടുത്തത്. എന്നാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ ടെസ്റ്റില്‍ യുവാവിന് നിപ്പാ തന്നെയെന്ന് ഏകദേശ റിപ്പോര്‍ട്ട് എത്തിയിരുന്നു. യുവാവിനെ ബാധിച്ചത് നിപ്പാ തന്നെയെന്നതില്‍ സംശയം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെകെ ഷൈലജയും രംഗത്തെത്തി.

എന്നാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ ഒരു ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. നിപ്പാ ബാധിച്ചുവെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ നില്‍ക്കുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എറണാകുളം ഡിഎംഒയാണ് യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന വിവരം പുറത്ത് വിട്ടത്. രാവിലെ ഭക്ഷണം കഴിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി. അതേസമയം കൊച്ചിയില്‍ നിപ്പാ ബാധിത സംശയിക്കുന്ന യുവാവുമായി സമ്പര്‍ക്കമുണ്ടായ 50 പേര്‍ നിരീക്ഷണത്തിലാണ്.

ഇതില്‍ 16 ഓളം പേര്‍ തൃശ്ശൂരിലാണ്. ബാക്കിയുളളവര്‍ മറ്റ് ജില്ലകളിലുള്ളവരാണ്. എന്നാല്‍ തൃശ്ശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. ശക്തമായ പനിയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും തൃശ്ശൂര്‍ ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യുവാവിന് വൈറസ് ബാധിച്ചത് തൃശ്ശൂരില്‍ നിന്നല്ലെന്ന് ഡിഎംഒ അറിയിച്ചു. നിപ്പാ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധസന്നാഹങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. കളമശ്ശേരി, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു കഴിഞ്ഞു. അതീവ ജാഗ്രതയാണ് സര്‍ക്കാരും കൈകൊള്ളുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. യുവാവിന്റെ സ്വദേശമായ വടക്കന്‍ പറവൂരിലും യുവാവ് പഠിക്കുന്ന തൊടുപുഴയിലും പഠനാവശ്യത്തിന് എത്തിയ തൃശ്ശൂരിലും വേണ്ട മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞു. വിദ്യാര്‍ത്ഥി താമസിച്ച തൊടുപുഴയിലെ കോളേജ് നിരീക്ഷണത്തിലാണ്.

Exit mobile version