കൊറോണയെ പോലെ നിപയ്ക്കും സോപ്പ് പ്രതിരോധമോ? വെള്ളത്തിലൂടെയും വായുവിലൂടെയും നിപ പടരുമോ? അറിഞ്ഞിരിക്കാം നിപയെ, മുൻകരുതലെടുക്കാം

Nipah| kerala news

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പൊതുജനങ്ങൾ. എന്നാൽ നാല് തവണ നിപയെ മെരുക്കിയ ചരിതര്മുള്ള കേരളത്തിന് ഇത്തവണയും പ്രതിരോധം സാധ്യമാകുമെന്ന് തന്നെയാണ് ആത്മവിശ്വാസം. ഭയം വേണ്ട ജാഗ്രത മതിയെന്ന് മന്ത്രിമാരും ഓർമിപ്പിക്കുന്നു. കോഴിക്കോട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും അറിയിച്ചു.

അതേസമയം, നിപ ആശങ്കയുടെ സമയത്ത് അറിയേണ്ടതാണ് നിപ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെയെന്നു. വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്യവസ്തുക്കളിലും നിപ്പാ വൈറസ് സാന്നിധ്യമുണ്ടാകാറുണ്ട്. വവ്വാല്‍ കടിച്ച പഴത്തില്‍ നിപ്പാ വൈറസ് ബാധയുണ്ടാകാം. ഇതിലെ പഞ്ചസാരയും പുളിയും നല്‍കുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ വൈറസിന് ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.

നിപ്പയുള്ള പഴം ഒരാള്‍ കഴിക്കുന്നത് വഴി അയാളിലേക്കും വൈറസെത്താം. അയാളുടെ ശ്വാസനാളം വഴിയാണ് നിപ്പാ ശരീരത്തില്‍ പ്രവേശിക്കുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലില്‍ കാണുന്ന എഫ്രിന്‍ ബി-ടുവില്‍ പറ്റിപ്പിടിച്ച് ഉള്ളില്‍ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപ്പാകള്‍ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും.

രക്തത്തില്‍ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടര്‍ന്നു രക്തത്തിലൂടെ യാത്രചെയ്തു നിപ്പാകള്‍ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിന്‍ ബി-ടുവില്‍ കടന്നു മസ്തിഷ്‌കജ്വരം വരുത്തും. ഇപ്പോൾ സ്ഥിരീകരിച്ച നിപ എന്നാൽ തലച്ചോറിനെ ബാധിക്കുന്നതല്ലെന്നും ശ്വാസകോശ രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ALSO READ- ആശങ്കപ്പെടേണ്ട സാഹചര്യമില്ല; നിപ സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിൽ 90 വീടുകൾ നിരീക്ഷണത്തിൽ

സോപ്പ് കവചമാക്കാം

സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തില്‍ വൈറസ് നിര്‍ജീവമാകും. 22-39 ഡിഗ്രി സെല്‍ഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈര്‍പ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. രോഗിയുടെ അടുത്തു ചെല്ലുമ്പോള്‍ മൂക്ക്, വായ എന്നിവ മറച്ചു മാസ്‌ക് ധരിക്കുക. കൈകളില്‍ ഗ്ലൗസ് ധരിക്കാം. രോഗിയെ പരിചരിച്ചവര്‍ സോപ്പുകൊണ്ടു കൈ കഴുകണം. ശേഷം സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും നിപ്പയെ പ്രതിരോധിക്കും.

നിപ്പാ വൈറസ് വായുവിലൂടെ?

നിപ്പാ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യത വിരളമാണ്. സൂക്ഷിച്ചാല്‍ ഇത്തരത്തിലുള്ള രോഗബാധയെ ഒഴിവാക്കാം. വായുവിലൂടെ പകരുമെന്ന് പറയുന്നതു പൂര്‍ണ്ണമായും ശരിയല്ല. രോഗിയുടെ വായില്‍നിന്നു കണികകളായി തെറിക്കുന്ന ഉമിനീരും മറ്റും സ്രവങ്ങളും വായുവിലൂടെ പകര്‍ന്നേക്കാം. ക്ഷയരോഗം പോലെ, ഒരു മീറ്റര്‍ ചുറ്റളവില്‍ നില്‍ക്കുന്ന വ്യക്തിയിലേക്ക് എത്തുന്ന ഡ്രോപ്‌ലെറ്റ് ബോണ്‍ അണുബാധ (Droplet borne infection) മാത്രമാണു നിപ്പായിലുള്ളത്. വായുവില്‍ ഇവ കൂടുതല്‍ സമയം നിലനില്‍ക്കില്ല. അതുകൊണ്ടുതന്നെ രോഗിയുമായി അടുപ്പം പുലര്‍ത്താത്തവര്‍ക്കും ദൂരെ നില്‍ക്കുന്നവര്‍ക്കും രോഗബാധയുണ്ടാകില്ല. നിപ്പാ അധികദൂരം കാറ്റിലൂടെ സഞ്ചരിച്ചെത്തില്ല. ആര്‍എന്‍എ വൈറസുകള്‍ക്ക് അന്തരീക്ഷത്തില്‍ ആയുസ്സു കുറവുമാണ്.

വവ്വാലുകളോ രോഗവാഹകര്‍?

വവ്വാലുകളില്‍നിന്നാണു രോഗം പകരുന്നതെന്നു കൃത്യമായ തെളിവില്ലാതെ പറയാന്‍ സാധിക്കില്ല. ആദ്യം രോഗത്തിന്റെ ഉറവിടം കണ്ടെത്തുകയാണു പ്രധാനം.

വവ്വാലുകള്‍ക്കു പുറമെ മറ്റു പക്ഷികളിലും മൃഗങ്ങളിലും ഇവ പടരുമോ?

സസ്തനികളില്‍ മാത്രമേ നിപ്പ വൈറസ് ബാധിക്കൂ. പക്ഷികളിലേക്കു പടരില്ല. സസ്തനികളില്‍ മാത്രം കാണുന്ന പ്രത്യേക കോശങ്ങളിലാണു വൈറസ് ബാധിക്കുന്നത്.

ALSO READ- നിപയെ നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം; ഒരുക്കിയത് 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും

കിണറ്റിലെ വെള്ളത്തിലൂടെ വൈറസ് പകരുമോ?

വെള്ളത്തില്‍ വൈറസ് ബാധിച്ച സ്രവം വവ്വാല്‍വഴി വീഴാന്‍ സാധ്യതയുണ്ടെങ്കിലും കിണറ്റിലെ വെള്ളത്തിന്റെ അളവുവച്ച് ഇതു കാര്യമാകാന്‍ സാധ്യതയില്ല. വെള്ളത്തില്‍ വൈറസ് പെരുകില്ലെങ്കിലും നശിക്കില്ല. വെള്ളം തിളപ്പിച്ചാല്‍പോലും വൈറസിനെ ഇല്ലാതാക്കാന്‍ കഴിയും.

നിപ്പാ രോഗലക്ഷണങ്ങളില്‍ നിന്നും സ്വയം തിരിച്ചറിയാനാകുമോ?

സാധിക്കില്ല. എല്ലാതരം പനികള്‍ക്കുമുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും. പനി വന്നാലുടന്‍ ആശുപത്രിയില്‍ പോകുകയാണ് ഏറ്റവും നല്ല മാര്‍ഗം.

രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത രോഗികളില്‍നിന്നു വൈറസ് പകരുമോ?

രോഗലക്ഷണങ്ങള്‍ പ്രകടമായശേഷമേ വൈറസ് പകരാനുള്ള സാധ്യതയുള്ളൂ. ഏഴു മുതല്‍ 14 ദിവസം വരെ രോഗിയില്‍നിന്നു വൈറസ് പകരാനുള്ള സാധ്യത വളരെക്കുറവാണ്.

Exit mobile version