സ്വര്‍ണ്ണക്കടത്ത് കേസ്: ബാലഭാസ്‌കറിന്റെ ഭാര്യയുടേയും അച്ഛന്റേയും മൊഴിയെടുക്കാന്‍ ഒരുങ്ങി ഡിആര്‍ഐ

ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന ഡിആര്‍ഐ സംഘം അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണിയേയും ഭാര്യ ലക്ഷ്മിയേയും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായിരുന്നു. ഇതോടെ ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം വീണ്ടും ഉയരുകയും ഇക്കാര്യം ഉന്നയിച്ച് പിതാവ് കെസി ഉണ്ണി രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രകാശ് തമ്പിയും ബാലുവിന്റെ കാര്‍ ഡ്രൈവര്‍ അര്‍ജുന്റെ സുഹൃത്ത് വിഷ്ണുവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായതോടെ അപകടത്തിനു പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കൂടാതെ അര്‍ജുനെയും അപകടത്തിന്റെ ദൃക്സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും.

അതേസമയം സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വാദവുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു പ്രകാശന്‍ തമ്പിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ പറഞ്ഞതെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി. അതേസമയം, ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കാരണമായോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Exit mobile version