‘ആ ദാമ്പത്യത്തിലെ നാടകങ്ങള്‍ അവര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്; ഇത്രയും നാള്‍ ഇവരുടെയൊക്കെ സംരക്ഷണത്തിലായിരുന്നു ബാലുവിന്റെ ഭാര്യ’; ലക്ഷ്മിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ബന്ധുവിന്റെ കുറിപ്പ്

ഈ വലിയ കേസിലേക്കു ബാലുവിന്റെയും പേര് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, മിണ്ടാതിരിക്കാന്‍ ഇനി വയ്യ.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെ ഭാര്യ ലക്ഷ്മിയെ കുറ്റപ്പെടുത്തി ബാലഭാസ്‌കറിന്റെ ബന്ധുവിന്റെ പോസ്റ്റ്. ബാലഭാസ്‌കറും കുഞ്ഞും മരിക്കാനിടയായ അപകടം കരുതിക്കൂട്ടി വരുത്തിവെച്ചതാണെന്നും ഇതിനു പിന്നില്‍ ലക്ഷ്മിയുമായി അടുപ്പമുള്ളവരാണെന്നും പ്രിയ വേണുഗോപാല്‍ എന്ന ബന്ധു എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌കറുമായി അടുപ്പമുള്ളവരാണെന്നും ഈ കേസിലേക്ക് ബാലഭാസ്‌കറിന്റെ പേര് വലിച്ചിഴയ്ക്കുന്നത് വേദനയുണ്ടാക്കുന്നെന്നും പ്രിയ കുറിപ്പില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമില്ലെന്ന ഒഫീഷ്യല്‍ പോസ്റ്റ് കൂടി വരുമ്പോള്‍ ഇനിയും വിഡ്ഢികളാവാന്‍ നിന്നു കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും പ്രിയ പറയുന്നു.

‘ഈ വലിയ കേസിലേക്കു ബാലുവിന്റെയും പേര് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, മിണ്ടാതിരിക്കാന്‍ ഇനി വയ്യ. ഇത്രയും നാള്‍ ഇവരുടെയൊക്കെ സംരക്ഷണത്തിലായിരുന്നു ബാലുവിന്റെ ഭാര്യ എന്നതും, ബാലുവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും, പ്രത്യേകിച്ചും ബാലുവിന്റെ മരണശേഷം, എടുത്തിരുന്നതും നടപ്പാക്കിയിരുന്നതും ഇവരൊക്കെ ഒരുമിച്ചായിരുന്നു എന്നതും പ്രശസ്തരായ സുഹൃത്തുക്കള്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ക്കറിയാവുന്നതാണ്.’

‘ആശുപത്രിയില്‍ ആയതുമുതല്‍ ഞങ്ങള്‍ ബാലുച്ചേട്ടന്റെ കസിന്‍സിനു പലതവണ ഇവരോടൊക്കെ സംസാരിക്കേണ്ടിയും തര്‍ക്കിക്കേണ്ടിയും വന്നിട്ടുണ്ട്. അതിനും ഒരുപാട് സുഹൃത്തുക്കള്‍ സാക്ഷികളാണ്. ബാലുവിന്റെ വീട്ടുകാര്യങ്ങളും മറ്റും ഞങ്ങളെക്കാള്‍ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് ‘സെലിബ്രിറ്റീസു’മുണ്ട്. ആ ദാമ്പത്യത്തിലെ നാടകങ്ങള്‍ അവര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. അവരെ ഒരുമിപ്പിക്കാന്‍ ആദ്യം മുന്‍കൈയെടുത്ത ചിലര്‍ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുമുണ്ട്.’- പ്രിയ പറയുന്നതിങ്ങനെ.

പ്രിയ വേണുഗോപാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അപ്രിയ സത്യങ്ങള്‍ പലര്‍ക്കും അനാവശ്യമായോ ആക്ഷേപമായോ അര്‍ത്ഥശൂന്യമായ ആരോപണങ്ങളായോ തോന്നാം. ബാലുച്ചേട്ടന് അപകടം നടന്ന അന്ന് മുതല്‍ ആശുപത്രിയില്‍ കൂടെ ഉണ്ടായിരുന്ന ആളുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ മനസ്സിലാക്കിയ, അഥവാ നേരിടേണ്ടി വന്ന വസ്തുതകളാണ് ഞാന്‍ പോസ്റ്റാക്കിയത്. ഒപ്പം കഴിഞ്ഞ 18വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉള്ള ചില മറുപടികളും. ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ട ഒരു സ്ത്രീയോട് ഞങ്ങള്‍ക്കും സഹതാപമേ ഉള്ളൂ. പക്ഷെ അനാവശ്യ ബന്ധങ്ങളെ സ്വന്തം സൗകര്യങ്ങള്‍ക്ക് വേണ്ടി കുടുംബത്തില്‍ സ്ഥാപിച്ചിട്ട് അവര്‍തന്നെ വരുത്തി വച്ച അവസ്ഥ അല്ലെ ഇത് എന്ന ചോദ്യം ബാക്കി ആണ്. വാര്‍ദ്ധക്യത്തിലെങ്കിലും താങ്ങാകും എന്ന് അച്ഛനമ്മമാര്‍ സ്വപ്നം കണ്ട, വയ്യാത്ത മകള്‍ക്ക് തങ്ങളില്ലാതാകുമ്പോള്‍ തണലാകും എന്ന് അവര്‍ പ്രതീക്ഷിച്ച ഒരു സഹോദരന്‍ (അവന്റെ സംഗീതവും പ്രശസ്തിയും ഒക്കെ മാറ്റിനിര്‍ത്തിയാലും), അവന്‍ എത്ര ദൂരെയെങ്കിലും ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. അവര്‍ തമ്മിലുള്ള സ്‌നേഹമോ സ്‌നേഹമില്ലായ്മയോ അല്ല വിഷയം, അതില്‍ ഒരാളുടെ ദുരൂഹത നിറഞ്ഞ മരണമാണ്. ഇത്രയും കാലം ഒരു തരത്തിലും അവരുടെ ജീവിതത്തില്‍ ഒരു ബാധ്യതയോ ശല്യമോ ചോദ്യമോ ആകാത്ത കുടുംബമാണ് ഞങ്ങളുടേത്. രാജ്യത്തെത്തന്നെ ബാധിക്കുന്ന ഒരു കേസ്. അതില്‍ ബാലുവിന്റെ ഏറ്റവും അടുത്ത ആളുകളായിരുന്നവര്‍ പിടിയിലാകുമ്പോള്‍, ഈ വലിയ കേസിലേക്കു ബാലുവിന്റെയും പേര് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, മിണ്ടാതിരിക്കാന്‍ ഇനി വയ്യ. ഇത്രയും നാള്‍ ഇവരുടെയൊക്കെ സംരക്ഷണത്തിലായിരുന്നു ബാലുവിന്റെ ഭാര്യ എന്നതും, ബാലുവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും, പ്രത്യേകിച്ചും ബാലുവിന്റെ മരണശേഷം, എടുത്തിരുന്നതും നടപ്പാക്കിയിരുന്നതും ഇവരൊക്കെ ഒരുമിച്ചായിരുന്നു എന്നതും പ്രശസ്തരായ സുഹൃത്തുക്കള്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ക്കറിയാവുന്നതാണ്. അതിനിടയില്‍ അവരുമായി ബന്ധമില്ല എന്നമട്ടിലുള്ള ഒഫീഷ്യല്‍ പോസ്റ്റ് കൂടി വരുമ്പോള്‍ ഇനിയും വിഡ്ഢികളാവാന്‍ നിന്നു കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പ്രശസ്തിക്കോ, നിലനില്പിനോ, ഒരുപക്ഷെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്നു കരുതിയാവാം ഇതൊക്കെ അറിയുന്ന മറ്റാരും ഒന്നും മിണ്ടിക്കണ്ടില്ല.

ആശുപത്രിയില്‍ ആയതുമുതല്‍ ഞങ്ങള്‍ ബാലുച്ചേട്ടന്റെ കസിന്‍സിനു പലതവണ ഇവരോടൊക്കെ സംസാരിക്കേണ്ടിയും തര്‍ക്കിക്കേണ്ടിയും വന്നിട്ടുണ്ട്. അതിനും ഒരുപാട് സുഹൃത്തുക്കള്‍ സാക്ഷികളാണ്. ബാലുവിന്റെ വീട്ടുകാര്യങ്ങളും മറ്റും ഞങ്ങളെക്കാള്‍ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് ‘സെലിബ്രിറ്റീസു’മുണ്ട്. ആ ദാമ്പത്യത്തിലെ നാടകങ്ങള്‍ അവര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. അവരെ ഒരുമിപ്പിക്കാന്‍ ആദ്യം മുന്‍കൈയെടുത്ത ചിലര്‍ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുമുണ്ട്…അവരും ഒന്നും തുറന്നു പറയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല. അവരവര്‍ക്കു അവരവരുടെ ന്യായങ്ങളുണ്ടാകുമല്ലോ.
ബാലു എങ്ങനെയുള്ള ആളായിരുന്നു എന്ന് അറിയുന്നവര്‍ക്കറിയാം.ഞങ്ങള്‍ക്ക് ഇനിയെങ്കിലും പറയണമായിരുന്നു.. പറഞ്ഞു.. അതിന്റെ പേരില്‍ ഇനിയെന്ത് നേരിടാനും തയാറുമാണ്.

സത്യം ജയിക്കട്ടെ !

Exit mobile version