ഫേസ്ബുക്കിലെ ഗുരുതര പിഴവ് കണ്ടെത്തി തിരുത്തി; കുട്ടനാട്ടിലെ വിദ്യാര്‍ത്ഥിക്ക് അംഗീകാരം

പ്ലസ് ടു പഠന കാലയളവില്‍ തന്നെ എത്തിക്കല്‍ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിയിരുന്നു അനന്ത കൃഷ്ണന്‍.

ആലപ്പുഴ: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ ഗുരുതര പിഴവ് കണ്ടെത്തി തിരുത്തിയ വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരം. കുട്ടനാട് മങ്കൊമ്പ് സ്വദേശി അനന്ത കൃഷ്ണനാണ് അംഗീകാരം ലഭിച്ചത്. ഫേസ്ബുക്കില്‍ സംഭവിക്കുന്ന പിഴവുകള്‍ കണ്ടെത്തി വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡും ഹാള്‍ ഓഫ് ഫെയിം പേജില്‍ പ്രത്യേക ഇടവും ഫേസ്ബുക്ക് നല്‍കാറുണ്ട്.

ഫേസ്ബുക്കിന്റെ പിഴവ് ബാധിക്കപ്പെടുന്ന വ്യക്തികളുടെ ഡാറ്റാ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ പിഴവാണ് അനന്തകൃഷ്ണന്‍ കണ്ടെത്തി ഫേസ്ബുക്ക് അധികൃതരെ അറിയിച്ചത്. പിഴവുകള്‍ ബോധ്യപ്പെട്ട ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ ബന്ധപ്പെട്ട് അര്‍ഹതപ്പെട്ട ക്യാഷ് അവാര്‍ഡും ഹാള്‍ ഓഫ് ഫെയിം അംഗത്വവും നല്‍കുകയായിരുന്നു.

കുട്ടനാട്ടിലെ മങ്കൊമ്പ് കൃഷ്ണവിഹാറില്‍ കൃഷ്ണകുമാര്‍-ശ്രീജ ദമ്പതികളുടെ മകനാണ് ബിടെക് വിദ്യാര്‍ത്ഥിയായ അനന്ത കൃഷ്ണന്‍. പ്ലസ് ടു പഠന കാലയളവില്‍ തന്നെ എത്തിക്കല്‍ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിയിരുന്നു അനന്ത കൃഷ്ണന്‍. നിലവില്‍ കേരളാ പോലീസ് സൈബര്‍ ഡോമുമായും സഹകരിക്കുന്നുണ്ട്.

Exit mobile version