സ്വര്‍ണ്ണക്കടത്തില്‍ വന്‍ ട്വിസ്റ്റ്; പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ എന്ത് പങ്ക്? ദുരൂഹത

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്ത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ചില ദുരൂഹതകള്‍ ഏറുന്നു. സ്വര്‍ണ്ണക്കടത്തില്‍ അദ്ദേഹത്തിന്റെ മാനേജരുടെ പങ്ക് വ്യക്തമാണെന്നിരിക്കെ ആണ് അദ്ദേഹത്തിന്റെ മരണത്തിലും സംശയം ഉയരുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്ന ഭാര്യ ലക്ഷ്മി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തിയത് പ്രകാശന്‍തമ്പിയാണ്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. പാലക്കാട്ടെ സംഘത്തിന് വിദേശത്തും ചില വ്യാപാരബന്ധങ്ങളുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് വിഷ്ണു സ്ഥിരംവിദേശയാത്ര നടത്തിയിരുന്നത്.

Exit mobile version