കാസര്‍കോട് വന്‍ കുഴല്‍പ്പണ വേട്ട; ശരീരത്തില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമിച്ച 80 ലക്ഷം പിടികൂടി

കര്‍ണാടക ആര്‍ടിസി ബസിലാണ് പിടിയിലായ മഹാരാഷ്ട്ര സത്താറ സ്വദേശി മയൂര്‍ ഭാരത് ദേശ്മുഖ് എത്തിയത്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വന്‍ കുഴല്‍പ്പണ വേട്ട. എണ്‍പത് ലക്ഷത്തിന്റെ കുഴല്‍പ്പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ശരീരത്തില്‍ കെട്ടിവെച്ചാണ് ഇത്രയും വലിയ തുക കടത്താന്‍ ശ്രമിച്ചത്.

സുള്ള്യ കാസര്‍കോട് പാതയിലെ ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നത് ഇടയിലാണ് കുഴല്‍പ്പണം എക്‌സൈസ് സംഘം പിടികൂടിയത്. കര്‍ണാടക മദ്യം കേരളത്തിലേക്ക് കടത്തുന്നത് കണ്ടെത്താനാണ് എക്‌സൈസ് വാഹന പരിശോധന നടത്തിയിരുന്നത്. ഇതിന്റെ ഇടയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കര്‍ണാടക ആര്‍ടിസി ബസിലാണ് പിടിയിലായ മഹാരാഷ്ട്ര സത്താറ സ്വദേശി മയൂര്‍ ഭാരത് ദേശ്മുഖ് എത്തിയത്. ഇയാള്‍ ധരിച്ചിരുന്ന അറകളോട് കൂടിയ പ്രത്യേക ഉള്‍വസ്ത്രത്തിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.

എണ്‍പത് ലക്ഷം രൂപ കോഴിക്കോട് ഉള്ള സച്ചിന്‍ ഖദം എന്നയാളെ ഏല്‍പ്പിക്കുന്നതിനായാണ് കൊണ്ടു വന്നതെന്നാണ് പിടിയിലായ ദേശ്മുഖ് അധികൃതരോട് പറഞ്ഞിരിക്കുന്നത്. അതേസമയം ഈ കുഴല്‍പ്പണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന. കഴിഞ്ഞ മാസവും ഇതുപോലെ കടത്തിയ 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം മുള്ളേരിയ എക്‌സൈസ് സംഘം പിടികൂടിയിരുന്നു

Exit mobile version