കാട്ടാന ശല്യം രൂക്ഷം ; കര്‍ഷകര്‍ പ്രതിസന്ധിയില്‍; പരിഹാരം കണ്ടെത്താനാവാതെ അധികൃതര്‍

മീന്‍വല്ലം: പാങ്ങ്, മരുതുംകാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നു. ദിനംപ്രതി ഇവിടുത്ത കര്‍ഷകര്‍ക്ക് വന്‍ നാശ നഷ്ടമാണ് കാട്ടാനക്കൂട്ടങ്ങള്‍ വരുത്തിവെക്കുന്നത്. ജനവാസസ്ഥലത്ത് എത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍
മലയോര വാസികളുടെ ഉറക്കം കെടുത്തുന്നു.

മരുതുംകാട് ഹെല്‍ത്ത് സെന്ററിനടുത്ത തോട്ടത്തിലാണ് കാട്ടാനകള്‍ ആദ്യം എത്തിയത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ കൊണ്ടു വിളയിച്ചെടുത്തവ കാട്ടാനക്കൂട്ടം തകര്‍ത്തതിന്റെ നിരാശയിലാണ് ഇപ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍. ഇടയ്ക്കിടെ ഇവിടെ കാട്ടാനകള്‍ എത്തുന്നത് മലയോര വാസികളുടെ ഉറക്കം കെടുത്തുന്നു.

ആനകള്‍ കൂട്ടമായാണ് ഇവിടേക്ക് എത്തുക. ജനവാസസ്ഥലത്ത് മണിക്കൂറുകളോളമാണ് ഇവ ചെലവഴിക്കുന്നത്. പിന്നീട് അധികൃതര്‍ വന്ന് പടക്കം പൊട്ടിച്ചും തീപന്തം ഉയര്‍ത്തിയും വേണം കാട്ടിലേക്ക് പറഞ്ഞയക്കാന്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ആനകള്‍ തിരിച്ചു പോവാതെ ഇവിടെ തമ്പടിച്ചിരിക്കും.

ഡെപ്യൂട്ടി റേഞ്ചര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാഗ്രതയോടെ പ്രദേശത്തുണ്ട്. കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ഭീതി വിതച്ച് വാഴകള്‍ തകര്‍ത്ത് കാട്ടാന കൂട്ടം വിഹാരം തുടരുന്നത് ഇവിടെ പതിവാണ്. എന്നും വേട്ടയാടുന്ന ആനപ്പേടിക്ക് ഒരു പരിഹാരമുണ്ടാകില്ലേ എന്ന് പ്രദേശവാസികള്‍ സങ്കടത്തോടെ ചോദിക്കുന്നു

Exit mobile version