അണക്കെട്ടുകള്‍ തുറക്കാന്‍ പ്രത്യേക അനുമതി തേടണം, വെള്ളം കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെങ്കില്‍ 15 മണിക്കൂര്‍ മുമ്പെങ്കിലും മൈക്കിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

പ്രളയത്തെത്തുടര്‍ന്ന് അടിയന്തിരമായി അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ 36 മണിക്കൂര്‍ മുമ്പ് കളക്ടറുടെ അനുമതി തേടണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

തിരുവനന്തപുരം: ഇനിമുതല്‍ അണക്കെട്ടുകള്‍ തുറക്കാന്‍ പ്രത്യേക അനുമതി തേടണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പ്രളയത്തെത്തുടര്‍ന്ന് അടിയന്തിരമായി അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ 36 മണിക്കൂര്‍ മുമ്പ് കളക്ടറുടെ അനുമതി തേടണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മഴക്കാലവും അപ്രതീക്ഷിതമായി അണക്കെട്ടുകള്‍ തുറക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ടുമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം. അണക്കെട്ടുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍മുമ്പ് വെള്ളം ഒഴുകുന്ന പാതയിലെ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവയിലെ സെക്രട്ടറിമാരെയും അധ്യക്ഷന്മാരെയും ഇക്കാര്യം അറിയിക്കണമെന്നും ദുരന്ത പ്രതികരണ മാര്‍ഗരേഖയുടെ കരട് നിര്‍ദേശിക്കുന്നു.

വെള്ളം കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെങ്കില്‍ ഇക്കാര്യം 15 മണിക്കൂര്‍ മുമ്പെങ്കിലും മൈക്കിലൂടെ ജനങ്ങളെ അറിയിക്കണം. അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ്, ഏത് അളവിലെത്തിയാല്‍ തുറന്നുവിടും തുടങ്ങിയ വിവരങ്ങള്‍ വെള്ളം ഒഴുകാന്‍ സാധ്യതയുള്ള ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയെ ജൂണ്‍ 10-നകം അറിയിക്കണമെന്ന് വൈദ്യുതി, ജലസേചന വകുപ്പുകളോടും ആവശ്യപ്പെട്ടു.

അണക്കെട്ട് തുറക്കുനനതിന് മുമ്പ് ഓരോ പ്രദേശത്തും എത്രത്തോളം വെള്ളം ഉയരുമെന്നതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിക്കണം. കാലവര്‍ഷം മുന്നില്‍ക്കണ്ട് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും കരട് രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുകാരണവശാലും വൈകീട്ട് ആറിനും രാവിലെ ആറിനുമിടയില്‍ അണക്കെട്ട് തുറന്നുവിടാന്‍ പാടില്ലെന്നും വേലിയേറ്റ സമയത്തെ സമുദ്രസ്ഥിതി കൂടി പരിശോധിച്ച് വേണം വെള്ളം തുറന്നുവിടാനെന്നും ദുരന്തനിവാഗണ അതോറിറ്റി പറയുന്നു.

മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകളുണ്ടെങ്കില്‍ അക്കാര്യം ജില്ലാ അധികൃതരെ അറിയിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നാല്‍ പുറമ്പോക്ക്, കോളനി, പുഴയുടെയോ നീര്‍ച്ചാലുകളുടെയോ ഓരം, മലയുടെ ചരിവുകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍, വയല്‍ക്കര എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുന്‍ഗണനാ ഭൂപടം തയ്യാറാക്കാനും അതനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനും നിര്‍ദേശിച്ചു.

Exit mobile version