എണ്ണവിലയെ പേടിച്ച് ഇനി കട്ടപ്പുറത്ത് കയറേണ്ട; സ്വകാര്യബസുകള്‍ പുതിയ തന്ത്രം പയറ്റുന്നു

കൊച്ചി: ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നതിനിടെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് സ്വകാര്യ ബസുടമകള്‍. ഇതിനെ പ്രതിരോധിക്കാനായി പുതിയ തന്ത്രം കണ്ടെത്തിയിരിക്കുകയാണ് ഇക്കൂട്ടര്‍ ഇപ്പോള്‍. ദിനംപ്രതിയെന്നോണം വര്‍ധിക്കുന്ന ഇന്ധനവിലയില്‍ കട്ടപ്പുറത്താകേണ്ടി വരുമെന്ന് കരുതിയ സ്വകാര്യ ബസുകള്‍ പുതിയ തന്ത്രവുമായി എത്തുന്നു. കൊച്ചിയില്‍ ആരംഭിച്ച മെട്രോ ബസ് കമ്പനിയുടെ മാതൃകയിലുള്ള പുതിയ സംവിധാനം ഒരുക്കാനാണ് സ്വകാര്യ ബസുടമകള്‍ ഒരുങ്ങുന്നത്.

എണ്ണക്കമ്പനികളുമായി ധാരണയിലെത്തി ഇന്ധന വിലയില്‍ ഇളവ് നേടിയാണ് ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവ് കുറക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുമായും വിവിധ പമ്പ് ഉടമകളുമായും ബസുടമകള്‍ നടത്തിയ ചര്‍ച്ച വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ പദ്ധതിയനുസരിച്ച് ഓരോ ബസുടമക്കും ഇന്ധനം നിറക്കുന്നതനുസരിച്ച് നിശ്ചിത സംഖ്യ റോയല്‍റ്റി ഇനത്തില്‍ ലഭിക്കും. പ്രതിമാസം മെച്ചപ്പെട്ട നേട്ടം ഇതുവഴി ലഭിക്കും. മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കി തുടങ്ങി.

ഭാരത് പെട്രോളിയത്തിന്റെ പമ്പുകളില്‍ നിന്നും ഇന്ധനം നിറച്ചതിന്റെ പ്രതിഫലമായി കഴിഞ്ഞ ഒരു വര്‍ഷം 28 ലക്ഷം രൂപയാണ് ലഭിച്ചത്. ബസുകള്‍ ഓരോ തവണയും ഇന്ധനം നിറക്കുന്നതനുസരിച്ച് പോയിന്റ് കണക്കാക്കും. ഇതോടൊപ്പം അസോസിയേഷന്‍ നിയന്ത്രണത്തിലുള്ള പമ്പുകളാണെങ്കില്‍ ലിറ്ററിന് 50 പൈസയുടെ ഇളവും ലഭിക്കും. കൂടാതെ കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ കാല്‍ ശതമാനം സബ്സിഡിയും ലഭിക്കും. ഇതെല്ലാം ചേര്‍ത്താണ് ഉടമകള്‍ക്ക് നല്‍കുക.

Exit mobile version