‘പിണറായി 41 ദിവസം വ്രതമെടുത്ത് 18 പടികളും ചവിട്ടി അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം, ഇല്ലെങ്കില്‍ ഒരു തെരഞ്ഞെടുപ്പിലും നിങ്ങള്‍ ജയിക്കില്ല’; മുഖ്യമന്ത്രിയോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഇതെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു

കാസര്‍കോട്: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചത് യുഡിഎഫ് ആയിരുന്നു. ആകെ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഈ അവസരത്തില്‍ എല്‍ഡിഎഫിനെയും മുഖ്യമനത്രിയെയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പരിഹാസത്തിന് പുറമെ മുഖ്യമന്ത്രിക്ക് ചെറിയ ഒരു ‘ഉപദേശ’വും ഉണ്ണിത്താന്‍ നല്‍കുന്നുണ്ട്.

കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായത് ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാടുകളാണെന്ന് പറഞ്ഞ ഉണ്ണിത്താന്‍ മുഖ്യമന്ത്രിക്ക് ഒരു ഉപദേശവും നല്‍കുന്നുണ്ട്. ‘ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല’ എന്നാണ് ഉണ്ണിത്താന്റെ ഉപദേശം.

കേരളം വിശ്വാസികളുടെ നാടാണ്. അയ്യപ്പ കോപം വേണ്ടുവോളം ഇവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഇതെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version