റെക്കോര്‍ഡ് തകര്‍ത്ത് നാല് ലക്ഷം ലീഡ് കടന്ന് രാഹുല്‍; ഒമ്പതിടത്ത് യുഡിഎഫിന് ഒരു ലക്ഷം ലീഡ്; കേരളത്തില്‍ കൊടുങ്കാറ്റായി യുഡിഎഫ്!

എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അമ്പരപ്പിച്ച് കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം.

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അമ്പരപ്പിച്ച് കേരളത്തില്‍ യുഡിഎഫിന്റെ തേരോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അന്തിമഘട്ടത്തില്‍ എത്തിയതോടെ കേന്ദ്രത്തില്‍ എന്‍ഡിഎയും കേരളത്തില്‍ യുഡിഎഫും ആധിപത്യമുറപ്പിച്ചു. കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. വോട്ടുകള്‍ എണ്ണുന്നത് അവസാനിക്കാനിരിക്കെ ഒമ്പതിടങ്ങളില്‍ ഒരു ലക്ഷം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മറികടന്നു.

കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വയനാട്, തുടങ്ങിയ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി ഉറപ്പിച്ചത്. ഇതില്‍ വയനാട്ടില്‍ നാല് ലക്ഷവും മലപ്പുറത്ത് രണ്ടര ലക്ഷവും ഭൂരിപക്ഷം പിന്നിട്ടു.

വയനാട് രാഹുല്‍ ഗാന്ധി 403012 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി 260050 വോട്ടുകള്‍ക്കുമാണ് ലീഡ് ചെയ്യുന്നത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് 171053 വോട്ടുകള്‍ക്ക് വിജയിച്ചു. എറണാകുളത്ത് ഹൈബി ഈഡന്‍ 169510 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ 187257 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആലത്തൂരില്‍ രമ്യാ ഹരിദാസ് 158968 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ചാലക്കുടി ബെന്നി ബെഹ്നാനന്‍ 131543 വോട്ടുകള്‍ക്കും എറണാകുളത്ത് ഹൈബി ഈഡന്‍ 111053 വോട്ടുകള്‍ക്കും ലീഡ് ചെയ്യുമ്പോള്‍ കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ വോട്ട് ലീഡ് 106328 ആണ്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ 149772 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

19 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ ആലപ്പുഴയില്‍ എല്‍ഡിഎഫിനാണ് ലീഡ്. ദേശീയ തലത്തില്‍ ബിജെപി ഒറ്റയ്ക്ക് ഇതിനോടകം തന്നെ കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. 342 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. യുപിഎ 90 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 110 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

മെയ് 26ന് നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമനെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷ പദവിയും ഒഴിയും.

Exit mobile version