ആചാരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല..! ഇരുമുടിക്കെട്ടില്ലാതെ ഗായകന്‍ കെജെ യേശുദാസ് പതിനെട്ടാംപടി കയറി

കൊച്ചി: ആചാരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇരുമുടിക്കെട്ടില്ലാതെ ഗായകന്‍ കെജെ യേശുദാസ് പതിനെട്ടാംപടി കയറിയതിനെതിരെ 2018ല്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ആചാരലംഘനം നടന്നുവെന്ന ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ യേശുദാസിന് അറിവുണ്ടായിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു.

2017 ഓഗസ്റ്റ് 21ന് പടിപൂജയ്ക്കു ശേഷമാണ് മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിക്കൊപ്പം ഗായകന്‍ കെജെ യേശുദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ പാടില്ല എന്നതും പടിപൂജയ്ക്കുശേഷം ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറാന്‍ പാടുള്ളൂ എന്നതും ലംഘിക്കപ്പെട്ടതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ദേവസ്വം ബോര്‍ഡില്‍ നിന്ന് കോടതി വിശദീകരണവും തേടി. ആചാരം ലംഘിക്കപ്പെട്ടു എന്നു സമ്മതിച്ച ദേവസ്വം ബോര്‍ഡ് ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് യേശുദാസിന് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ചു. മേലില്‍ ഇത്തരം ആചാരലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുത്തു

ആചാരലംഘനം തടയാന്‍ മതിയായ സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നു നിരീക്ഷിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം പരിഗണിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version