ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യന്‍ കോഫീ ഹൗസ്; ഇനി ഭക്ഷണം വിളമ്പാന്‍ ‘രാജ’യ്‌ക്കൊപ്പം ‘റാണി’മാരും

കോഫീ ഹൗസിന്റെ തിരുവനന്തപുരം ശാഖയില്‍ ജോലിയിലിരിക്കവെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണ് പുതിയ മാറ്റത്തിന് കാരണമായിരിക്കുന്നത്

തൃശ്ശൂര്‍: മറ്റ് ഹോട്ടലുകളില്‍ നിന്ന് ഇന്ത്യന്‍ കോഫീ ഹൗസിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ വെയിറ്റര്‍മാരുടെ വസ്ത്രധാരണമാണ്. തലയില്‍ ‘രാജകീയ’ തൊപ്പ് വെച്ച് വരുന്ന വെയിറ്റര്‍മാര്‍ ഒരു രസമുള്ള കാഴ്ച തന്നെയാണ്. അങ്ങനെ നമ്മള്‍ ‘രാജാ’ എന്ന് കളിയായി വിളിക്കുന്ന ഈ വെയിറ്റര്‍മാര്‍ക്കൊപ്പം ഇനി ഭക്ഷണം വിളമ്പാന്‍ ‘റാണി’മാരും ഉണ്ടാവും. അറുപത്തിയൊന്ന് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള കോഫി ഹൗസ് ഇതാദ്യമായിട്ടാണ് ഭക്ഷണം വിളമ്പാന്‍ വനിതകളെ നിയമിച്ച് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുന്നത്.

കോഫീ ഹൗസിന്റെ തിരുവനന്തപുരം ശാഖയില്‍ ജോലിയിലിരിക്കവെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണ് പുതിയ മാറ്റത്തിന് കാരണമായിരിക്കുന്നത്. ഷീനയെ നിയമനത്തിന് പരിഗണിക്കണമെന്ന നിര്‍ദേശം വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കോഫീ ഹൗസ് ഭരണസമിതിക്ക് കൈമാറിയിട്ടുണ്ട്. തൃശ്ശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണ് നിര്‍ദേശം. പുതിയ നിര്‍ദേശ പ്രകാരം ആശ്രിത നിയമനങ്ങളില്‍ ഇനി വനിതകള്‍ക്കും പരിഗണന ലഭിക്കും. ജൂണ്‍ 16നു തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതിയാണ് നിയമനത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. വനിതകളുടെ യൂണിഫോം അടക്കമുള്ള കാര്യത്തില്‍ ഇത് കഴിഞ്ഞാവും തീരുമാനം എടുക്കുക. ‘രാജകീയ തൊപ്പി’ കോഫീ ഹൗസിന്റെ അടയാളമായതിനാല്‍ അതില്‍ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.

രാത്രി പത്ത് മണിവരെ ഷിഫ്റ്റുകള്‍ നീളുന്നത് കൊണ്ടാണ് വനിതകളെ ഇതുവരെ പരിഗണിക്കാതിരുന്നത് എന്നാണ് കോഫീ ഹൗസ് അധികൃതര്‍ പറയുന്നത്. തൃശ്ശൂരിന് വടക്കോട്ടുള്ള കോഫി ഹൗസുകള്‍ നിയന്ത്രിക്കുന്ന കണ്ണൂര്‍ സൊസൈറ്റി പാചകത്തിനായി ആറ് സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജോലി പരിചയമായാല്‍ ഇവരെയും ഭക്ഷണം വിളമ്പാന്‍ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version