പിഎസ്‌സിക്കെതിരായ വിവാദങ്ങളില്‍ പ്രതികരണം! മനോരമക്കെതിരെ തുറന്നടിച്ച് പിഎസ്‌സി ചെയര്‍മാന്‍; എക്‌സ്‌ക്ലൂസീവ് അഭിമുഖം

ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മലയാള മനോരമയുടെ സ്വാര്‍ത്ഥ താല്‍പര്യമാണെന്നും എംകെ സക്കീര്‍

തിരുവനന്തപുരം: ഭാര്യയുടെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്ന വിവാദത്തില്‍ ബിഗ് ലൈവ് ടിവിയോട് പ്രതികരിച്ച് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എംകെ സക്കീര്‍. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മലയാള മനോരമയുടെ സ്വാര്‍ത്ഥ താല്‍പര്യമാണെന്നും എംകെ സക്കീര്‍ ആരോപിച്ചു.

ഭാര്യയുടെ യാത്രാചെലവ് താനിതുവരെ പിഎസ്‌സിയില്‍ നിന്നും ചോദിച്ച് വാങ്ങിച്ചിട്ടില്ലെന്നും, താന്‍ പോലും വിദേശ യാത്ര ചെയ്യാന്‍ സാഹചര്യങ്ങളുണ്ടായിട്ടും യാത്രകള്‍ ഒഴിവാക്കുകയായിരുന്നെന്നും അദ്ദേഹം ബിഗ്‌ലൈവ് ടിവിയോട് പ്രതികരിച്ചു. ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നു ആവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ ഏപ്രില്‍ 30 നു സര്‍ക്കാരിന് ഫയലയച്ചു എന്നായിരുന്നു മനോരമയുടെ ആരോപണം. പിന്നീട് ഈ ആവശ്യം പൊതുഭരണവകുപ്പ് തള്ളിയെന്നും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്ക് ഇല്ലാത്ത അവകാശം പിഎസ്‌സി ചെയര്‍മാന് മാത്രം അനുവദിക്കാനാകില്ലെന്നാണ് പൊതുഭരണവകുപ്പ് നിലപാടെടുത്തതെന്നും മനോരമ തന്നെ മനോരമ ഇംപാക്ട് എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

രാജ്യത്തുള്ള എല്ലാ പിഎസ്‌സി സ്ഥാപനങ്ങളുടെയും യുപിഎസ്‌സിയുടെയും ചെയര്‍മാന്‍മാരുടെ സമിതിയുടെ സമ്മേളനം എല്ലാ വര്‍ഷവും നടക്കാറുണ്ടെന്നും ആ യോഗത്തില്‍ നടക്കുന്ന സ്പൗസസ് മീറ്റെന്ന ചെയര്‍മാന്‍മാരുടെ ഭാര്യമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ ഭാര്യയുടെ യാത്രാ ചെലവ് ആവശ്യപ്പെട്ട് പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തതെന്നും അദ്ദേഹം ബിഗ് ലൈവ് ടിവിയോട് പ്രതികരിച്ചു. തന്റെ കാലയളവില്‍ മൂന്നോളം ഇത്തരത്തിലെ യോഗങ്ങള്‍ കടന്നുപോയെന്നും ഇതുവരെ താന്‍ ഭാര്യയുടെ യാത്ര ചെലവ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന മീറ്റ് 2020ല്‍ ആയിരിക്കും. അന്ന് താന്‍ തന്നെയായിരിക്കും ചെയര്‍മാനെന്ന് ഉറപ്പില്ല. എങ്കിലും ഇപ്പോള്‍ ഈ ഫയല്‍ നീക്കം നടത്തിയത് ഇനി വരുന്ന കാലത്തെങ്കിലും ഈ സ്പൗസസ് മീറ്റിന്റെ ചെലവിനെ കുറിച്ച് ഒരു ധാരണ സര്‍ക്കാരിനുണ്ടാകാനും, ഇത് വിശദീകരിച്ച് കത്തെഴുതിയത് ചെയര്‍മാന്റെ കടമയാണെന്ന ബോധ്യമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക യോഗത്തിന്റെ ഭാഗം തന്നെയാണ് സ്പൗസസ് മീറ്റും. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി ചെയര്‍മാന്‍മാരുടെ ഭാര്യമാര്‍ക്ക് ഈ യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള യാത്രാ ചെലവ് അതത് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് വഹിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തന്നെ നടന്ന യോഗത്തില്‍ താനും ഭാര്യയും യാത്രാ ചെലവ് ചോദിക്കാതെ തന്നെയാണ് പങ്കെടുത്തതെന്നും, മുമ്പ് പല യോഗങ്ങളിലേക്കും ക്ഷണിക്കപ്പെട്ടിട്ടും ഭാര്യയുടെ യാത്രാ ചെലവിനായി ഒരു രൂപ പോലും ഇതുവരെ ചോദിച്ച് വാങ്ങിയിട്ടില്ലെന്നും ഇത് വാങ്ങാന്‍ അവകാശമുണ്ടായിട്ടും സ്വന്തമായി പണം മുടക്കിയാണ് പങ്കെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ഈ സമ്മേളനം കഴിഞ്ഞതിനു ശേഷമാണ് കത്തയച്ചത്. ഇതിന് ഒരു ഔദ്യോഗിക ചട്ടക്കൂട് ഭാവിയില്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചാണ് തന്റെ നടപടിയെന്നും മനോരമ വിഷയം വിവാദമാക്കിയത് വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പ് തന്നെയും പിഎസ്‌സി അംഗങ്ങളേയും വെല്ലുവിളിച്ച് പോയിട്ടുള്ളതാണ് മനോരമയുടെ മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം വെളിപ്പെടുത്തി. പിഎസ്‌സി എന്ന സ്ഥാപനത്തെ ദുരുപയോഗം ചെയ്ത് വാര്‍ത്ത നല്‍കി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന്റെ പേരിലാണ് ചെയര്‍മാനായ തന്നോട് വ്യക്തിവൈരാഗ്യം കാണിക്കുന്നതെന്നും എംകെ സക്കീര്‍ ബിഗ് ലൈവ് ടിവിക്ക് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ പറഞ്ഞു.

കത്തെഴുതിയ നടപടിയില്‍ അപാകതയില്ലെന്ന് മറ്റ് മാധ്യമങ്ങള്‍ കൂടി വ്യക്തമാക്കിയതോടെയാണ് വാഹനം വാങ്ങിയതിലെ ക്രമക്കേടും ശമ്പളത്തിലെ അപാകതകളുമൊക്കെ മനോരമ ആരോപിച്ചതെന്നും ഇതെല്ലാം മുമ്പ് പറഞ്ഞ വ്യാജ ആരോപണം പൊളിഞ്ഞതോടെ പിടിച്ചു നില്‍ക്കാനായി മനോരമ ചെയ്തുകൂട്ടുന്നതാണെന്നും അദ്ദേഹം പറയുന്നു.

പിഎസ്‌സിക്ക് വേണ്ടി ചെയര്‍മാന്‍ പുതിയ ഇന്നോവ കാര്‍ വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പുതിയ കാറ് വാങ്ങിയെങ്കില്‍ സര്‍ക്കാര്‍ രേഖകളില്‍ ഇക്കാര്യം ഉണ്ടാവേണ്ടതല്ലേ എന്നും അദ്ദേഹം മനോരമയോടായി ചോദിക്കുന്നു. പുതിയ വാഹനം വാങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി രേഖകള്‍ ആവശ്യമായിരിക്കെ ഈ രേഖകളൊന്നുമില്ലാതെ കാര്‍ വാങ്ങിയെന്ന ആരോപണം അഴിച്ചുവിട്ട് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മനോരമ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പഴയ വാഹനം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും പ്രളയാനന്തരം സംസ്ഥാനം കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ തന്റെ കാലയളവില്‍ വാഹനം വാങ്ങിക്കരുതെന്നാണ് സ്വന്തം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാ ചെലവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പടെ നാല് ലക്ഷത്തോളമാണ് താന്‍ കൈപ്പറ്റുന്നതെന്നും, ഐഎഎസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും പിഎസ്‌സി ചെയര്‍മാനും ലഭിക്കുന്നുണ്ടെന്നുമുള്ള മനോരമയുടെ ആരോപണത്തേയും അദ്ദേഹം തള്ളി. 76,000 രൂപയാണ് തന്റെ ശമ്പളമെന്നും അത് മനോരമയ്ക്ക് തന്നെ കൃത്യമായി അറിയാമെന്നും നിരവധി വിവരാവകാശ രേഖകള്‍ അവര്‍ ഇതിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ടെന്നും എംകെ സക്കീര്‍ പറയുന്നു. ഈ വിവരങ്ങള്‍ എല്ലാം വ്യക്തമായി രേഖകള്‍ സഹിതം കൈവശമുണ്ടായിട്ടും മനോരമ തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ബിഗ് ലൈവ് ടിവിയോട് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോ:

Exit mobile version