ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയത് ചീഫ് ജസ്റ്റിസിന്റെ മകള്‍ രശ്മി ഗൊഗോയ്

കേസില്‍ മോഹന്‍ലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കൊച്ചി: അനധികൃതമായി രേഖകളില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ രശ്മി ഗൊഗോയ്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിയാണ്.

അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ച് നേരത്തേ കേസില്‍ മോഹന്‍ലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് പിന്നാലെ മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2012 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അന്ന് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

പിന്നാലെ, കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തെങ്കിലും നാളുകള്‍ക്ക് ശേഷം കേസ് റദ്ദാക്കി. ഒപ്പം നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്. ഇതിനിടയില്‍ താരത്തിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ മലയാറ്റൂര്‍ ഡിഎഫ്ഒ കണ്ടെത്തിയിരുന്നു.

Exit mobile version