‘പൂര്‍ണ്ണമായും ഒരാണിന്റെ രൂപത്തിലേക്ക് ഞാന്‍ മാറുകയാണ്; ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു; ശബ്ദത്തിലും മാറ്റമുണ്ട്; പൊടിമീശ വന്നു’; പ്രതീക്ഷ കൈവിടാതെ ഇന്ത്യയിലെ ആദ്യട്രാന്‍സ്മാന്‍ പൈലറ്റ് ആദം

ഒറ്റപ്പെടലുകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ് ആയി നേട്ടം കൈവരിച്ചിരിക്കുകയാണ് ആദം ഹാരി.

കൊച്ചി: സ്വന്തം അസ്ഥിത്വം അംഗീകരിക്കപ്പെടാന്‍ വേണ്ടി സഹിച്ച പീഡനങ്ങളും ത്യാഗങ്ങളും വെറുതെയായില്ല ആദം ഹാരി ഇപ്പോള്‍ പൂര്‍ണ്ണമായും പുരുഷ ശരീരത്തിലേക്ക് കൂടുമാറി കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെടലുകള്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ് ആയി നേട്ടം കൈവരിച്ചിരിക്കുകയാണ് ആദം ഹാരി. തന്റെ സ്ത്രീശരീരത്തിലെ പുരുഷനെ തിരിച്ചറിഞ്ഞ് വിദേശത്തു നിന്നുള്ള പഠനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു, വീട്ടുകാരോടും സമൂഹത്തോടും സ്വന്തം മനസാക്ഷിയോടുമെന്ന് ഹാരി പറയുന്നു.

”ജൊഹാനാസ്ബര്‍ഗില്‍ പൈലറ്റ് ആകാനുള്ള പരിശീലന സമയത്താണ് ഞാന്‍ ആരാണെന്ന തിരിച്ചറിവുണ്ടായത്. കോഴ്‌സ് പൂര്‍ത്തിയായതോടെ ഇന്ത്യയിലെ എന്റെ വീട്ടിലേക്ക് മടങ്ങി. വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ വീട്ടില്‍ തടവിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പത്തൊന്‍പതാം വയസ്സില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.”

പൈലറ്റ് ജോലിയായിരുന്നു പിന്നീടുള്ള സന്തോഷമെല്ലാം, കൊച്ചിയിലെ ഏവിയേഷന്‍ അക്കാദമിയില്‍ ജോലി ലഭിച്ചതോടെ ജീവിതമാര്‍ഗ്ഗമായി, എങ്കിലും പലവെല്ലുവിളികളും നേരിടേണ്ടി വന്നു. എന്നാല്‍ കൊച്ചി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുകൂലമായ നഗരമാണെന്ന് ആദം പറയുന്നു. ഇപ്പോള്‍ തനിക്ക് 20 വയസ്സായി. ഏഴ് മാസം മുന്‍പ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ശബ്ദത്തിലും മാറ്റമുണ്ട്. പൊടിമീശ വന്നു. പൂര്‍ണ്ണമായും ഒരാണിന്റെ രൂപത്തിലേക്ക് മാറികൊണ്ടിരിക്കുകയാണെന്ന് ആദം ഹാരി വെളിപ്പെടുത്തി.

”ഏറ്റവും വലുത് ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്യം തന്നെയാണ്. യാതൊരു വിലക്കുകളും ഇല്ലാതെ എനിക്ക് എന്നെത്തന്നെ സ്വയം തിരിച്ചറിയാന്‍ കഴിയുന്നു. ഇനിയും എന്റെ ജോലിയില്‍ ഒരു തടസ്സവും ഇല്ലാതെ തുടരാന്‍ കഴിയണം. ഇവിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം. അവരെ സമൂഹം അംഗീകരിക്കണം”- ഇതാണ് തന്റെ പ്രതീക്ഷയെന്ന് പങ്കുവെയ്ക്കുന്ന ഹാരി കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

”ഇപ്പോള്‍ കുടുംബത്തെ മിസ് ചെയ്യുന്നുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്. അവരെന്നെ മനസ്സിലാക്കി മകനായി അംഗീകരിക്കുമെന്ന്. തെറ്റായ ഉടലില്‍ എത്തിപ്പെട്ട ഒരാത്മാവ് ആണ് ഞാന്‍. അവര്‍ക്ക് വേണ്ടി ഈ ജീവിതം മുഴുവന്‍ ഞാന്‍ കാത്തിരിക്കും”- പ്രതീക്ഷ അവസാനിക്കാത്ത മനസുമായി ആദം പറയുന്നു.

Exit mobile version