മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി പൂരം ആഘോഷിക്കണമെന്നാണ് ആഗ്രഹം; എന്നാല്‍ അതിനൊന്നും സാധിക്കുന്നില്ല; സുരേഷ് ഗോപി

ആദ്യമായിട്ടാണ് പൂരപ്പറമ്പില്‍ പൂര ദിവസം എത്തുന്നത്. ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നേരില്‍ കാണാനെത്തിയതിന്റെ സന്തോഷത്തിലാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആദ്യമായിട്ടാണ് പൂരപ്പറമ്പില്‍ പൂര ദിവസം എത്തുന്നത്. ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി താന്‍ ഇവിടെയുണ്ടെന്നും, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശ്ശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശ്ശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച ഒന്നായിരുന്നു ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം. അതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തൃശ്ശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്‌നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശ്ശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശ്ശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം. ഈശ്വരാനുഗ്രഹവും ജനപിന്തുണയും ഉണ്ടെങ്കില്‍ എല്ലാം സാധ്യമാവുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Exit mobile version