കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും തിളക്കമേറിയ വിജയവുമായി എസ്എഫ്‌ഐ; കേരള സര്‍വകലാശാലയില്‍ 64ല്‍ 62 കോളേജും ചെങ്കൊടിക്ക് സ്വന്തം

തിരുവനന്തപുരം ജില്ലയില്‍ 31 കോളേജില്‍ 30ലും എസ്എഫ്‌ഐക്കാണ് ജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തിളക്കമേറിയ വിജയം. തെരഞ്ഞെടുപ്പ് നടന്ന 64 കോളേജില്‍ 62ലും യൂണിയന്‍ ഭരണം എസ്എഫ്‌ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 31 കോളേജില്‍ 30ലും എസ്എഫ്‌ഐക്കാണ് ജയം. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നുകോളേജിലും  വിജയിച്ചു. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് നടന്ന 12 കോളേജിലും കൊല്ലത്ത് 18ല്‍ 17 ലും  യൂണിയന്‍ ഭരണം നേടി.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ ഉജ്വലവിജയം ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിനെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നവര്‍ക്കുള്ള മറുപടികൂടിയായി പന്തളം എന്‍എസ്എസ് കോളേജിലുള്‍പ്പെടെ എസ്എഫ്‌ഐ നേടിയ മിന്നുംവിജയം. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സംഘടിത പ്രചാരണം ആരംഭിച്ച പന്തളത്ത് എന്‍എസ്എസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

രണ്ടുവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാതിരുന്ന കോളേജില്‍ കഴിഞ്ഞതവണ എബിവിപിക്കായിരുന്നു യൂണിയന്‍ ഭരണം. പുരോഗമന ആശയങ്ങള്‍ ക്യാമ്പസുകള്‍ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ് വിജയമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീതും സെക്രട്ടറി കെഎം സച്ചിന്‍ദേവും പറഞ്ഞു.

Exit mobile version