ഒരേ സമയം വൈദികനും സൈനികനും; ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ പട്ടാളത്തില്‍ ചേര്‍ന്നു

വൈദികര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏക ജോലിയാണിത്.

കൊച്ചി: ഒരേ സമയം വൈദികനും സൈനികനുമാണ് ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍. അടുത്താണ് ഫാദര്‍ പട്ടാളത്തില്‍ ചേര്‍ന്നത്. സൈനികന്‍ ആണെങ്കിലും ഫാദര്‍ ഫാദര്‍ തന്നെയാണ്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ ആത്മീയ പുരോഹിതനായാണ് നിയമനം. വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തില്‍ നിയമിക്കാറുണ്ട്. എന്നാല്‍ സിറോ മലബാര്‍ സഭയില്‍നിന്ന് ഇത് ആദ്യമായാണ് ഈ തസ്തികയില്‍ എത്തുന്നത്.

ഇടുക്കി കാഞ്ചിയാര്‍ ജോണ്‍ പോള്‍ മെമ്മോറിയല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പള്‍ ആയിരുന്നു ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍. യാദൃച്ഛികമായാണ് പട്ടാളത്തിലേയ്ക്കുള്ള അവസരത്തിന്റെ പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം നിരന്തരം അലട്ടിയതിനാല്‍ മറ്റൊന്നും ചിന്തിച്ചില്ല, അപേക്ഷ നല്‍കി.

വൈദികര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏക ജോലിയാണിത്. കര്‍ണാടകയിലെ ബഗാല്‍കോട്ടില്‍ വെച്ചായിരുന്നു ഫിസിക്കല്‍ ടെസ്റ്റ്. 1600 മീറ്റര്‍ 5.40 മിനിറ്റില്‍ ഓടണം. ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയായിരുന്നു ഈ ഫാദര്‍. അതുകൊണ്ട് തന്നെ ഈ ടാസ്‌ക് നിഷ്പ്രയാസം അദ്ദേഹം കടന്നു. ശേഷമുള്ള കടമ്പ എന്‍ട്രന്‍സ് പരീക്ഷയായിരുന്നു. അതും പാസായി. പിന്നീട് ഏഴ് ആഴ്ച നീണ്ട കഠിന ശാരീരിക പരിശീലനം ആയിരുന്നു. അതും കടന്നു.

അതു കഴിഞ്ഞപ്പോള്‍ 11 ആഴ്ച നീണ്ട ആത്മീയ പരിശീലനം. മറ്റ് മതഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍, രീതികള്‍ തുടങ്ങി എല്ലാം പഠിപ്പിക്കും. അതും ഫാദര്‍ ഗ്രഹസ്ഥമാക്കി. പുനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനിലായിരുന്നു പരിശീലനം. ഇതെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇനി ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായി (മതാധ്യാപനം) നിയമനം. ഔദ്യോഗിക ചടങ്ങുകളിലൊഴികെ പുരോഹിത വേഷം ധരിക്കാം. 32-കാരനായ ജിസ് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. എറണാകുളം ജില്ലയിലെ വാഴക്കുളം കല്ലൂര്‍ക്കാട് സെയ്ന്റ് അഗസ്റ്റിന്‍സ് പള്ളി ഇടവകാംഗമാണ്. കോതമംഗലം രൂപതക്കാരന്‍. എംസിഎ ബിരുദധാരിയും സിഎസ്ടി സന്ന്യാസ സഭാംഗവുമാണ്.

Exit mobile version