യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം, ഹോര്‍ണടിച്ച് സൈറണ്‍ മുഴക്കി രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

തൃശ്ശൂര്‍: അര്‍ദ്ധരാത്രി തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ മറുനാട്ടുകാരിയെ ആക്രമിച്ചയാളെ പിടികൂടാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവറും സഹപ്രവര്‍ത്തകനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍. ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണിക്കുട്ടിയും സഹായി ഷിതിനുമാണ് അക്രമിയെ നേരിട്ടത്. എന്നാല്‍ ജീവനക്കാരില്‍ ഒരാളുടെ ദേഹത്ത് അക്രമി മൂര്‍ച്ചയുള്ള മാര്‍ബിള്‍ കഷ്ണം കൊണ്ട് കീറിയിരുന്നു

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് എംജി റോഡിലെ സിനിമാ തിയേറ്ററിനടുത്തുള്ള ആക്രിക്കടയ്ക്ക് മുമ്പിലാണ് സംഭവം അരങ്ങേറിയത്. തമിഴ്‌നാട്ടുകാരിയായ യുവതിയെയാണ് ആക്രമി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെ തള്ളി താഴെയിട്ടായിരുന്നു അക്രമം. അപ്പോഴാണ് ജോണിക്കുട്ടി മുതുവറയിലെ ആക്ട്‌സ് ആംബുലന്‍സുമായി അതുവഴി പോയത്.

സംഭവം കണ്ട് ആംബുലന്‍സില്‍നിന്ന് ഇറങ്ങിയ കുന്നംകുളം സ്വദേശിയായ ഹെല്‍പ്പര്‍ ഷിതിന്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമി അവിടെക്കിടന്ന മാര്‍ബിള്‍ കഷണംകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. വാരിയെല്ലിന്റെ ഭാഗത്ത് മുറിവേറ്റ ഷിതിനെ ആശുപത്രിയിലാക്കി. ഷിതിന് കുത്തേറ്റിട്ടുപോലും ജോണിക്കുട്ടി പിന്‍വാങ്ങിയില്ല. ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കിയും ഹോണടിച്ചും ആളെക്കൂട്ടി അക്രമിയെ കെട്ടിയിട്ട് പോലീസിലേല്‍പ്പിച്ചാണ് അവര്‍ മടങ്ങിയത്.

തമിഴ്‌നാട് സ്വദേശികളായ ഇവര്‍ കിടന്നുറങ്ങുമ്പോള്‍ കഞ്ചാവുലഹരിയില്‍ അടുത്തെത്തി ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാടോടികളെ മാര്‍ബിള്‍ പാളി വീശി ഇയാള്‍ ഓടിച്ചിരുന്നു. ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ ഷിതിന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു അക്രമി കുത്തി പരിക്കേല്‍പിച്ചത്. കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശി അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗ്ഗീസ് ആണ് അറസ്റ്റിലായത്.

Exit mobile version