കോഴിക്കോട് നിപ്പാ വൈറസിനെ അതിജീവിച്ചത് മൂന്നുപേര്‍ കൂടി! റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കന്‍ ജേണല്‍

നിപ്പാ ബാധയെ മൂന്ന് പേര്‍ കൂടി അതിജീവിച്ചതായി റിപ്പോര്‍ട്ട്.

കോഴിക്കോട്: കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പാ വേറസ് ബാധയെ കഴിഞ്ഞവര്‍ഷമാണ് കേരളം അതിജീവിച്ചത്. ഇതിനിടെ കഴിഞ്ഞ വര്‍ഷമുണ്ടായ നിപ്പാ ബാധയെ മൂന്ന് പേര്‍ കൂടി അതിജീവിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് കൂടി നിപ്പാ ബാധിച്ചിരുന്നുവെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

അമേരിക്കന്‍ സിഡിസി ജേണലാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പരിശോധനയില്‍ ഈ മൂന്ന് പേരിലും നിപ്പാക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ കേരളത്തില്‍ 19 പേര്‍ക്ക് നിപ്പാ ബാധിച്ചുവെന്നായിരുന്നു കണക്കുകള്‍. ഈ കണക്കുകളെ നിരാകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

നിപ്പാ വൈറസ് ബാധയേറ്റുള്ള സംസ്ഥാനത്തെ ആദ്യ മരണത്തിന് ഒരാണ്ട് തികയുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. നിപ്പാ വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് 17 മരണങ്ങളുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. രണ്ടുപേര്‍ നിപ്പയെ അതിജീവിച്ചെന്നും കണക്കുകള്‍ രേഖപ്പെടുത്തുന്നു.

Exit mobile version