കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റം. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എംഎസ്, സുനില്‍കുമാര്‍, പോലീസ് ഡ്രൈവര്‍ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച മരട് എസ്‌ഐ അടക്കം നാല് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റം. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എംഎസ്, സുനില്‍കുമാര്‍, പോലീസ് ഡ്രൈവര്‍ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

പരാതിയില്‍ പോലീസ് ആദ്യം സഹകരിച്ചില്ലെന്ന യാത്രക്കാരനായ അജയഘോഷിന്റെ പരാതിയിലാണ് നടപടി. യാത്രക്കാരായ മൂന്ന് യുവാക്കളെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കുറച്ച് പേര്‍ ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ബസ് ജീവനക്കാര്‍ ഇറക്കിവിട്ടു. സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും, സുരേഷ് കല്ലട ഉടമയെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം.

Exit mobile version