ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ല, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം; സുരേഷ് കല്ലടയുടെ മൊഴി പുറത്ത്

തനിക്ക് ഇക്കാര്യത്തില്‍ യാതൊരു അറിവും ഇല്ലെന്ന് കല്ലട പറയുന്നു.

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കല്ലട ബസിലെ ജീവനക്കാരുടെ ക്രൂരത. സമൂഹമാധ്യമങ്ങളിലും മറ്റും മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ ഇന്നലെയാണ് ബസിന്റെ ഉടമയായ സുരേഷ് കല്ലട പോലീസിനു മുന്‍പില്‍ ഹാജരായത്. ഇപ്പോള്‍ സുരേഷ് കല്ലടയുടെ മൊഴിയാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ലെന്നാണ് സുരേഷ് കല്ലട പറയുന്നത്.

തനിക്ക് ഇക്കാര്യത്തില്‍ യാതൊരു അറിവും ഇല്ലെന്ന് കല്ലട പറയുന്നു. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും സുരേഷ് കല്ലട പറയുന്നുണ്ട്. അഞ്ച് മണിക്കൂര്‍ നേരമാണ് സുരേഷ് കല്ലടയെ പോലീസ് ചോദ്യം ചെയ്തത്. പോലീസിന്റെ നോട്ടീസ് പ്രകാരം വൈകിട്ട് നാലുമണിയോടെയാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സുരേഷ് കല്ലട ഹാജരായത്. സുരേഷിന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് കോള്‍ ലിസ്റ്റുകളും പരിശോധിച്ചു.

പ്രതികളായ ജീവനക്കാര്‍ക്കെതിരെ താന്‍ നടപടിയെടുത്തിട്ടുണ്ടെന്നും സുരേഷ് പറയുന്നുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ഇയാളെ വീണ്ടും പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഹാജരാകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സുരേഷ് കല്ലട നേരത്തേ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പോലീസും നിര്‍ദേശം നല്‍കി. ഇതോടെയാണ് സുരേഷ് ഹാജരായത്. നേരത്തേ വിവിധ നിയമലംഘനങ്ങള്‍ക്ക് കല്ലടയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

Exit mobile version