വെറും മുതലാളി മാത്രമല്ല സുരേഷ് കല്ലട; കൂട്ടുപ്രതി! അറസ്റ്റിലായ പ്രതികളുമായി അടുത്തബന്ധം; മര്‍ദ്ദനം നേരത്തെ അറിഞ്ഞിരുന്നു; വീണ്ടും ചോദ്യം ചെയ്യും

കേസില്‍ ബസുടമ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.

കൊച്ചി: വൈറ്റിലയില്‍ വെച്ച് യാത്രക്കാരെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ കല്ലട ബസിലെ ജീവനക്കാരും പ്രതികളുമായ യുവാക്കള്‍ക്ക് ബസുടമ സുരേഷ് കല്ലടയുമായി അടുത്ത ബന്ധമെന്ന് പോലീസ്. കേസില്‍ ബസുടമ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ബസുടമയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. സുരേഷിന് പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷിനെ അഞ്ച് മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രതികളില്‍ ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന് ബോധ്യമായി. മര്‍ദ്ദനവിവരം സുരേഷ് നേരത്തെ അറിഞ്ഞിരുന്നതായും സംശയിക്കുന്നു.

അതേസമയം, ബസിലും പുറത്തും വെച്ച് യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏഴു പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തത്. കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസിലും സംഭവം നടന്ന വൈറ്റില ജങ്ഷനിലുമായി ഞായറാഴ്ച രാവിലെയായിരുന്നു തെളിവെടുപ്പ്.

പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. കേസില്‍ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് മര്‍ദനത്തിനിരയായവരുടെ മൊഴി. അതിനാല്‍ കൂട്ടുപ്രതികളെ സംബന്ധിച്ച വിവരങ്ങളാണ് അറസ്റ്റിലായവരില്‍നിന്ന് പോലീസ് പ്രധാനമായും തേടുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ കാണിച്ച് മറ്റു പ്രതികളുടെ വിവരം തേടും.

Exit mobile version