രശ്മിക്ക് ഇത് രണ്ടാം ജന്മമാണ്; വലിയൊരു അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി, കൈയ്യിന് പരിക്ക് പറ്റിയിട്ടും പരീക്ഷ എഴുതി, കുഞ്ഞിന് ഭക്ഷണം നല്‍കി; അഭിമാനം

കൊച്ചി: രണ്ടാം ജന്മം എന്നൊക്കെ കേട്ടിട്ടില്ലേ അത് നേരിട്ട് അനുഭവിച്ചിരിക്കുകയാണ് രശ്മി. ആരുടെ പ്രര്‍ത്ഥനയുടെ ഫലമാണെന്ന് അറിയില്ല ജീവന്‍ തിരിച്ച് കിട്ടി പരീക്ഷയും നന്നായി എഴുതി എന്നാണ് ചെങ്ങന്നൂര്‍ ബുധനൂര്‍ ഇലഞ്ഞിമേല്‍ രഘുഭവനം രശ്മി രഘുനാഥ് പറയുന്നത്. സ്വകാര്യ ബസ് രശ്മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.25നു തഴക്കര മേല്‍പ്പാലം ജംഗ്ഷനില്‍ ആയിരുന്നു സംഭവം. വാഹനം തകര്‍ന്നെങ്കിലും നിസാര പരിക്കുകളോടെ രശ്മി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കുന്നം ബിഎഡ് സെന്ററിലെ വിദ്യാര്‍ത്ഥിനിയായ രശ്മി പരീക്ഷയ്ക്കായി കോളേജിലേക്കുള്ള യാത്രയില്‍ വഴുവാടി ഭാഗത്തു നിന്നെത്തി മാവേലിക്കര-പന്തളം റോഡിലേക്കു കയറുന്നതിനു മുന്‍പു സ്‌കൂട്ടര്‍ നിര്‍ത്തി ഇരുദിശയിലേക്കും നോക്കി. ബസ് സ്റ്റോപ്പില്‍ ചെങ്ങന്നൂരിനുള്ള രഘുമോന്‍ ബസില്‍ ആളുകള്‍ കയറുന്നതു കണ്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു ചെങ്ങന്നൂര്‍ ഭാഗത്തേക്കു തിരിഞ്ഞു മുന്നോട്ടു പോയി. പക്ഷേ പെട്ടെന്നു മുന്നോട്ടെടുത്ത ബസ് രശ്മിയുടെ സ്‌കൂട്ടറില്‍ ഇടിച്ചു. സ്‌കൂട്ടര്‍ ഉള്‍പ്പെടെ രശ്മി ബസിനടിയിലേക്കു വീണു.

കണ്ടു നിന്നവര്‍ നിലവിളിച്ചു. ബസിനടിയില്‍പ്പെട്ട രശ്മിയെ നാട്ടുകാര്‍ വലിച്ചു പുറത്തെടുത്തു. കൈകളിലും കാലിലും പരുക്കേറ്റ രശ്മിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ഡോക്ടര്‍ വലതു കൈയ്യുടെ എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരീക്ഷ എഴുതണമെന്ന വാശിയില്‍ ഓട്ടോറിക്ഷയില്‍ പരീക്ഷാ ഹാളിലെത്തുകയായിരുന്നു രശ്മി. കൈയ്യുടെ വേദന അവഗണിച്ചു സൈക്കോളജി പരീക്ഷ എഴുതി. വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനു ഭക്ഷണം നല്‍കിയ ശേഷമാണു പിന്നെ എക്‌സ്‌റേ എടുക്കാന്‍ ആശുപത്രിയില്‍ പോയത്.

Exit mobile version