ഇടുക്കിയില്‍ കനത്ത മഴ; കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തൊടുപുഴ: കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ വൃഷ്ടിപ്രദേശത്തു കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ രണ്ട് ഡാമുകളുടെ ഷട്ടറുകളും ചൊവ്വാഴ്ച രാവിലെ ഏഴിനു തുറന്നുവിടും. പത്തു ക്യുമെക്‌സ് വെള്ളമാണ് തുറന്നു വിടുന്നതെന്നു വൈദ്യുതി വകുപ്പ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മഴ ശക്തമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്നു ജില്ലയില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതെസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡീഷ തീരത്തേക്ക് നീങ്ങുന്ന ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഫോനി അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version