രഥം തള്ളി നീക്കി, മുന്‍പില്‍ ഓടി വഴിതെളിച്ചു; ഉത്സവത്തിനിടെ പാഞ്ഞെത്തിയ ആംബുലന്‍സിന് വഴിയൊരുക്കി നാട്, വൈറലായി വീഡിയോ

അടുത്തിടെയാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് പാഞ്ഞതും കേരളക്കര അതിനായി വഴിയൊരുക്കിയതും.

കൊച്ചി: ഒരോ ജീവനും രക്ഷിക്കാന്‍ സമയം കൈയ്യില്‍ പിടിച്ച് പായുന്നവരാണ് ആംബുലന്‍സ് ജീവനക്കാര്‍. ഓരോ നിമിഷവും അത്രമേല്‍ വിലപ്പെട്ടതാണെന്ന ഉത്തമ ബോധ്യത്തോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ വളയം പിടിക്കുന്നത്. ഒച്ചയെടുത്ത് ചീറിപ്പാഞ്ഞു വരുന്ന ആംബുലന്‍സിനെ കണ്ടാല്‍ ആ നിമിഷം വഴിമാറി നല്‍കുന്നവരുമാണ് നാം.

അടുത്തിടെയാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് പാഞ്ഞതും കേരളക്കര അതിനായി വഴിയൊരുക്കിയതും. ഇപ്പോള്‍ അതിനു സമാനമായ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു ജീവനും കൈയ്യില്‍ പിടിച്ച് പാഞ്ഞെത്തിയ ആംബുലന്‍സിനായി ഒരു നാട് മുഴുവന്‍ വഴിയൊരുക്കിയ കാഴ്ചയാണ് വൈറലാകുന്നത്.

ഉത്സവം നടക്കുന്നതിനിടയിലേക്കാണ് ആംബുലന്‍സ് ചീറിപാഞ്ഞ് എത്തിയത്. കെട്ടുകാഴ്ചകള്‍ വലിയ തിരക്കിന്റെ അകമ്പടിയോടെ മുന്നോട്ടു പോകുമ്പോള്‍ ആളുകള്‍ വഴിയിലുണ്ടായിരുന്ന തടസമെല്ലാം മാറ്റി കൊടുക്കുകയാണ്. കെട്ടുകാഴ്ചകള്‍ക്കിടയിലൂടെ ആംബുലന്‍സിന് സുഗമമായി പോകാനുള്ള വഴി ഏവരും ചേര്‍ന്ന് ഒരുക്കി. വലിയ രഥങ്ങള്‍ ജനക്കൂട്ടം തള്ളി മാറ്റിയാണ് വഴിയൊരുക്കിയത്.

ആംബുലന്‍സിന്റെ ഉള്ളില്‍ നിന്നും പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നത്. മുന്‍പ് കോട്ടയത്ത് ആംബുലന്‍സിന് വഴിയൊരുക്കാന്‍ കിലോമീറ്ററുകളോളം ദൂരം മുന്നില്‍ ഓടിയ പോലീസുകാരന്റെയും മറ്റും വലിയ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ വഴിയൊരുക്കി കൊടുത്ത ഈ ദൃശ്യങ്ങളിലുള്ളതും മാതൃകാപരമാണ്.

Exit mobile version