പാലക്കാടും കാസര്‍കോടും എന്‍ഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍

പാലക്കാട് നടത്തിയ റെയ്ഡിന് ശേഷം ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ട് പേരുടെ വീടുകളില്‍ എന്‍ഐഎ രാവിലെ തെരച്ചില്‍ നടത്തി.

കാസര്‍കോട്: കൊളംബോയില്‍ 253 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോടും പാലക്കാടും എന്‍ഐഎ റെയ്ഡ്. പാലക്കാട് നടത്തിയ റെയ്ഡിന് ശേഷം ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ട് പേരുടെ വീടുകളില്‍ എന്‍ഐഎ രാവിലെ തെരച്ചില്‍ നടത്തി. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

ഇരുവീടുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാനും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, യുവാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണല്‍ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം, ഇയാള്‍ ഇപ്പോഴും സംഘടനയില്‍ സജീവമാണോ എന്ന് വ്യക്തമല്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു.

Exit mobile version