നാടന്‍ തോക്കും ദീപാവലിക്ക് വാങ്ങുന്ന പടക്കങ്ങളും! ഇതാണോ ഐഎസ് ഇന്ത്യയെ തകര്‍ക്കാന്‍ കോപ്പുകൂട്ടിയ ആയുധങ്ങള്‍? എന്‍ഐഎ റെയ്ഡിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ; റെയ്ഡ് അജിത് ഡോവലിന് വേണ്ടി?

ഐഎസ് ഗൂഢാലോചന കണ്ടെത്തി തകര്‍ക്കാനായെന്ന അവകാശവാദത്തോടെ എന്‍ഐഎ അവതരിപ്പിച്ച റെയ്ഡ് പ്രഹസനമായിരുന്നെന്ന് സോഷ്യല്‍മീഡിയ.

ന്യൂഡല്‍ഹി: രാജ്യത്ത് ആക്രമണത്തിന് ശ്രമിച്ച ഐഎസ് ഗൂഢാലോചന കണ്ടെത്തി തകര്‍ക്കാനായെന്ന അവകാശവാദത്തോടെ എന്‍ഐഎ അവതരിപ്പിച്ച റെയ്ഡ് പ്രഹസനമായിരുന്നെന്ന് സോഷ്യല്‍മീഡിയ. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുവേണ്ടി നടത്തിയതെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം റെയ്ഡു നടത്തിയത്. പത്തുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇവരെല്ലാം മുസ്ലീങ്ങളാണ്.

ഐഎസിന്റെ ജിഹാദി മൊഡ്യൂളിനെ തകര്‍ത്തെന്നാണ് റെയ്ഡില്‍ പിടിച്ച ആയുധങ്ങള്‍ നിരത്തി എന്‍ഐഎ രാജ്യത്തോട് പറഞ്ഞത്. എന്നാല്‍, എന്‍ഐഎ ഹാജരാക്കിയ ആയുധങ്ങള്‍ നാടന്‍ തോക്കുകളും ദീപാവലിക്കുവരെ ഉപയോഗിക്കാറുള്ള വീര്യംകുറഞ്ഞ ശബ്ദമുണ്ടാക്കാന്‍ മാത്രം പര്യാപ്തമായ ബോംബുകളുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

റെയ്ഡ് നടത്തിയ മീററ്റ് പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം നാടന്‍ പടക്കങ്ങള്‍ സര്‍വ്വസാധാരണമാണെന്നും ഇതിലെന്താണ് പുതുമയെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു. ഇന്ത്യയ്ക്കെതിരെ യുദ്ധം ആസൂത്രണം ചെയ്തവരാണ് ഇവരെന്നാണ് എന്‍ഐഎ അവകാശപ്പെട്ടത്. എന്നാല്‍ ഇവരില്‍ നിന്നും കണ്ടെടുത്തെന്നു പറയുന്ന വസ്തുക്കള്‍ തന്നെ ഈ ആരോപണങ്ങള്‍ പരിഹാസ്യമാണെന്ന് വ്യക്തമാക്കുന്നെന്നാണ് ഇവര്‍ പറയുന്നത്.

ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലും രാഷ്ട്രീയക്കാര്‍ക്കെതിരെയും പിടിയിലായ അക്രമികള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. മുഫ്തി മുഹമ്മദ് സുഹൈല്‍, അനസ് യൂനസ്, റാഷിദ് സഫര്‍ റഖ്, സയ്യിദ്, സയ്യിദിന്റെ സഹോദരന്‍ റയീസ് അഹമ്മദ്, സുബൈല്‍ മാലിക്, സുബൈറിന്റെ സഹോദരന്‍ സെയ്ദ്, സാഖിബ് ഇഫ്തേകര്‍, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് അസം എന്നിവരാണ് അറസ്റ്റിലായത്.

നാടന്‍തോക്കുകളായ ‘ദേശി കട്ട’ എന്ന് പൊതുവെ അറിയപ്പെടുന്ന തോക്കുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഡസന്‍ കണക്കിന് ബുള്ളറ്റുകളും ദീപാവലിക്കു ഉപയോഗിക്കാറുള്ള പടക്കങ്ങള്‍ പോലെയുള്ള ശക്തികുറഞ്ഞ ബോംബുകളുമാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്നപേരില്‍ എന്‍ഐഎ ഹാജരാക്കിയത്.

ഐഎസ്‌ഐഎസ് ലോഗോ പ്രിന്റ് ചെയ്ത എ.4 പേപ്പറുകളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗൂഗിളും ഒരു പ്രിന്ററും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ് കണ്ടെടുത്ത പ്രിന്റൗട്ടുകളെന്നും വിമര്‍ശനമുയരുന്നുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുവേണ്ടിയാണ് റെയ്ഡുകള്‍ നടന്നതെന്നാണ് എന്‍ഐഎയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയമുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ വികാരം ആളിക്കത്തിച്ച് വോട്ടാക്കാനുള്ള കുതന്ത്രമായാണ് ഈ നീക്കത്തെ പലരും കാണുന്നത്. ഇതിലൂടെ രാജ്യം അപകടത്തിലാണെന്ന തിയറി കൊണ്ടുവരാനുമാണ് നീക്കം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

Exit mobile version