ശ്രീലങ്ക സ്‌ഫോടനം; കാസര്‍കോട് എന്‍ഐഎ റെയ്ഡ്; ഫോണുകളും രേഖകളും പിടിച്ചെടുത്തു

കാസര്‍കോഡ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ ബാക്കിപത്രമെന്നോണം അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കേരളത്തില്‍ പലയിടത്തും സുരക്ഷ കര്‍ശനമാക്കിയതോടൊപ്പം കാസര്‍കോഡ് ജില്ലയില്‍ എന്‍ഐഎ റെയ്ഡ് നടത്തി. വളരെ രഹസ്യ സ്വഭാവത്തിലാണ് റെയ്ഡ് നടത്തിയത്. ലോക്കല്‍ പോലീസിന് പോലും റെയ്ഡിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.

വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണും ചില രേഖകളും പിടിച്ചെടുത്തു. വിശദമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.

അബൂബക്കര്‍ സിദ്ദിഖിയോടും, അഹമ്മദ് അറാഫത്തിനോടും തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം മരിച്ച സഹ്രാന്‍ ഹാഷിമുമായി വിദ്യാനഗര്‍ സ്വദേശികള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തും. ഏപ്രില്‍ 21 നാണ് ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്.

Exit mobile version