ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അനുവദിക്കണം; ഗതാഗതമന്ത്രിക്ക് തമിഴ്‌നാട് പിസിസിയുടെ കത്ത്

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ ചൂഷണം തടയാന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്

ചെന്നൈ: കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കത്ത് അയച്ചു. അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ ചൂഷണം തടയാന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.

എഐസിസി അംഗം ജയകുമാറിന്റെ നേതൃത്വത്തിലാണ് ഗതാഗത മന്ത്രിക്ക് കത്ത് നല്‍കിയത്. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിയുടെ ഒരു സര്‍വ്വീസ് പോലും ഇല്ലാത്ത വാര്‍ത്ത വന്നിരുന്നു. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകളൊന്നുമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ മലയാളികള്‍.

കെഎസ്ആര്‍ടിസി തുടങ്ങിവച്ച സര്‍വീസുകളൊക്കെ നഷ്ടത്തിന്റെ പേരില്‍ നിര്‍ത്തി വച്ച റൂട്ടുകളില്‍ സ്വകാര്യ ബസ് ലോബികള്‍ വലിയ ലാഭമാണ് കൊയ്യുന്നത്. സ്വകാര്യ ബസ് സര്‍വീസുകളുമായി ചേര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ കളിയാണെന്നാണ് മലയാളി സംഘടനകള്‍ ആരോപിച്ചിരുന്നു.

Exit mobile version