തരൂരിനെ കാലുവാരി മുരളീധരനും ഉണ്ണിത്താനും; രണ്ടു പേരും വോട്ട് രേഖപ്പെടുത്തിയില്ല

വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനും കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ് മോഹന്‍ ഉണ്ണിത്താനും തെരഞ്ഞെടുപ്പ് ദിവസം അതാത് മണ്ഡലങ്ങളില്‍ തുടരാനാണ് തീരുമാനിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരമാണണെന്നും അതില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രചാരണം തുടരുന്നതിനിടെ ഉന്നത കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്മോഹന്‍ ഉണ്ണിത്താനും തലസ്ഥാനത്തെത്തി വോട്ട് രേഖപ്പെടുത്താന്‍ മെനക്കെട്ടില്ല. വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനും കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ് മോഹന്‍ ഉണ്ണിത്താനും തെരഞ്ഞെടുപ്പ് ദിവസം അതാത് മണ്ഡലങ്ങളില്‍ തുടരാനാണ് തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് ദിവസം മത്സരിക്കുന്ന മണ്ഡലത്തില്‍ ഉണ്ടാവുന്നതിനു വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തുന്നത് ഒഴിവാക്കിയതെന്നാണ് ഇരുവരും പറയുന്നതെങ്കിലും ഇത് കോണ്‍ഗ്രസിനകത്ത് ചെറിയ അസ്വാരസ്യങ്ങളും അപസ്വരങ്ങളും ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ശശി തരൂരിന്റെ കാലുവാരുമെന്ന ആരോപണം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് നേതാക്കള്‍ തന്നെ വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. ഇത് പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അതൃപ്തിയും മുറുമുറുപ്പും ഉണ്ടാക്കിയിട്ടുണ്ട്. ശശി തരൂരിനെതിരായി വോട്ടു മറിക്കുമെന്ന ആരോപണം ഏറ്റവും ശക്തമായി ഉയര്‍ന്നിട്ടുള്ളത് മുരളീധര വിഭാഗത്തിനെതിരെയാണെന്നതും ശ്രദ്ധേയമാണ്.

ബിജെപിയുമായി വോട്ട് കച്ചവടത്തിന് ധാരണയായതിനാല്‍ തിരുവനന്തപുരത്ത് വോട്ട് മറിച്ചു കൊടുക്കുമെന്നാണ് ആരോപണം. മുരളീധരന്റെയും ഉണ്ണിത്താന്റെയും വോട്ട് നഷ്ടപ്പെടുത്തല്‍ കോണ്‍ഗ്രസിനകത്തു മാത്രമല്ല, രാഷ്ട്രീയരംഗത്ത് ആകെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വോട്ട് ചെയ്യാത്ത സ്ഥാനാര്‍ത്ഥിക്ക് ജനങ്ങള്‍ വോട്ടിന്റെ വില മനസ്സിലാക്കിക്കൊടുക്കുമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഫേസ്ബുക്കില്‍ തന്റെ ചുറ്റുവട്ടം എന്ന കോളത്തില്‍ കുറിച്ചത്.

Exit mobile version