കൈപ്പത്തിക്ക് കുത്തിയപ്പോള്‍ വോട്ട് താമരയ്ക്ക്; പരാതിയുമായി സി ദിവാകരനും

ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്തതിന് ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്

തിരുവനന്തപുരം: കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞ സംഭവത്തില്‍ പരാതിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രംഗത്ത്. വോട്ടിങ് യന്ത്രത്തിന്റെ തകരാറിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സി ദിവാകരന്‍ അറിയിച്ചത്.

ഇതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് ശശി തരൂര്‍ പ്രതികരിച്ചത്.

ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്തതിന് ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചത്. ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതേസമയം വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ കെ വാസുകി അറിയിച്ചു

Exit mobile version