കോവളത്ത് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് എന്ന ആരോപണം; വോട്ടിങ് യന്ത്രത്തിലെ പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

പരാതിയെ കുറിച്ച് അന്വേഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കുകയാണ്. അതേസമയം കോവളത്തെ വോട്ടിങ് യന്ത്രത്തിലെ പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. പരാതിയെ കുറിച്ച് അന്വേഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കോവളത്തെ ചൊവ്വരയിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി കണ്ടെത്തിയത്. ചൊവ്വര 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തിക്ക് കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നതായി കണ്ടെത്തിയത്. 76 പേര്‍ വോട്ടു ചെയ്തതിന് ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിങ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ പഴയ വോട്ടിങ് മെഷീന്‍ പിന്‍വലിച്ച് പുതിയ മെഷീന്‍ കൊണ്ടു വന്ന് പോളിങ് പുനഃരാരംഭിച്ചു.

അതേസമയം കോവളം ചൊവ്വര 151-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തിന് ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Exit mobile version