വീട്ടില്‍ തര്‍ക്കം ഉണ്ടാകും; പക്ഷേ അതിനിടയിലേക്ക് വിഷ ജന്തുക്കള്‍ കയറി വന്നാല്‍ തല്ലിക്കൊല്ലുകയാണ് പതിവ്; പരിഹസിച്ച ടിജി മോഹന്‍ദാസിന് മാസ് മറുപടിയുമായി സിആര്‍ നീലകണ്ഠന്‍

ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ടിജി മോഹന്‍ദാസിനു സിആര്‍ നീലകണ്ഠന്‍ മറുപടി നല്‍കിയിരിക്കുന്നത്.

കൊച്ചി: ജനാധിപത്യം പൂത്ത് നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വിശദീകരണം ചോദിക്കാതെ സിആര്‍ നീലകണ്ഠനെ പുറത്താക്കിയ നടപടി ഫാസിസമല്ലേയെന്ന് പരിഹസിച്ച് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. എന്നാല്‍ ടിജി മോഹന്‍ദാസിന്റെ പരിഹാസത്തിന് ചുട്ടമറുപടിയുമായി രംഗത്തെത്തി സിആര്‍നീലകണ്ഠന്‍ ടിജിയുടെ വായടപ്പിക്കുകയും ചെയ്ത് സോഷ്യല്‍മീഡിയയില്‍ താരമായി.

‘ജനാധിപത്യം പൂത്ത് കൊലമറിഞ്ഞ് കണ്ടം നിറഞ്ഞു കിടക്കുന്ന ആപ്പില്‍ നിന്ന് ഒരു വിശദീകരണം പോലും ചോദിക്കാതെ എന്റെ സ്നേഹിതന്‍ സി ആര്‍ നീലകണ്ഠനെ പുറത്താക്കിയിരിക്കുന്നു. ഫാഷിസം എന്താണെന്ന് മനസിലാകുന്നുണ്ടോ’? എന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരിഹാസ ട്വീറ്റ്. എന്നാല്‍ ഈ പരിഹാസത്തിന് സിആര്‍ നീലകണ്ഠന്‍, ‘പൂച്ചയ്ക്കാര് മണികെട്ടും എന്ന കാര്യത്തില്‍ കെജ്രിവാളും ഞാനും തമ്മില്‍ ചെറിയ തര്‍ക്കം. പക്ഷേ മണി കെട്ടിയാല്‍ പോര, ചാക്കിലാക്കി കൊണ്ട് കളയുക തന്നെ വേണം എന്ന ധാരണയില്‍ ഞങ്ങള്‍ എത്തിയിട്ടുണ്ട്’ എന്നാണ് തിരിച്ചടിച്ചത്.

വീട്ടില്‍ ചിലപ്പോള്‍ തര്‍ക്കം ഉണ്ടാകുമെന്നും പക്ഷേ അതിനിടയിലേക്ക് വിഷജന്തുക്കള്‍ കയറി വന്നാല്‍ തല്ലിക്കൊല്ലുകയാണ് പതിവ് എന്നും ടിജിയെ ലക്ഷ്യമിട്ട് സിആര്‍ നീലകണ്ഠന്‍ പറയുന്നു. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ടിജി മോഹന്‍ദാസിനു സിആര്‍ നീലകണ്ഠന്‍ മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതിനാണ് ദേശീയ നേതൃത്വം സിആര്‍ നീലകണ്ഠനെതിരെ നടപടിയെടുത്തത്. കേരളത്തില്‍ എല്‍ഡിഎഫിനു പിന്തുണ നല്‍കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അതേസമയം സസ്പെന്‍ഷനെ കുറിച്ച് അറിയില്ലെന്നും എന്‍ഡിഎയെ തോല്‍പ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി പറഞ്ഞതെന്നും അതനുസരിച്ചാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതെന്നും നേരത്തെ, സിആര്‍ നീലകണ്ഠന്‍ ഈ വിഷയത്തില്‍ മറുപടി നല്‍കിയിരുന്നു.

Exit mobile version