പത്തനംതിട്ടയില്‍ വിജയം നൂറു ശതമാനം, ഇടത്, വലത് മുന്നണികള്‍ പരാജയ ഭീതിയില്‍; കെ സുരേന്ദ്രന്‍

ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ പറഞ്ഞു

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ സ്ഥാനാര്‍ത്ഥികള്‍ എല്ലാം വിജയ പ്രതീക്ഷയിലാണ്. ഇന്നലെ ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. പത്തനംതിട്ടയില്‍ താന്‍ വിജയിക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.

പത്തനംതിട്ടയില്‍ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ വിജയിക്കുമെന്ന് മനസിലാക്കിയാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പല സ്ഥലങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവെച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയില്‍ ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്കെതിരെ വളരെ മോശമായ അശ്ലീല പ്രചാരണങ്ങളും
വ്യക്തിഹത്യയും ജാതി അധിക്ഷേപങ്ങളുമാണ് തനിക്കെതിരെ ഉണ്ടായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തില്ലെന്നും പത്തനംതിട്ടയില്‍ നിന്ന് വിജയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version