കെ സുധാകരന്‍ പ്രചാരണവീഡിയോയിലൂടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി, നടപടി സ്വീകരിക്കും; ജില്ലാ കളക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പ്രചാരണ വീഡിയോ വിവാദത്തില്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സുധാകരന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രചാരണം നടത്തിയ ഈ വീഡിയോ തെരെഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കാണിച്ച് കളക്ടര്‍ നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കളക്ടര്‍ നടപടി ആരംഭിച്ചത്.

അതേസമയം കണ്ണൂരിലെ സിറ്റിംഗ് എംപിയും സുധാകരന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ പികെ ശ്രീമതി ടീച്ചറെ ലക്ഷ്യം വെച്ചാണ് വീഡിയോ എന്ന വാദവും മറുവശത്ത് ഉയരുന്നുണ്ട്. സ്ത്രീകള്‍ കഴിവില്ലാത്തവരാണെന്നും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന പേരില്‍ ഇറങ്ങിയ വീഡിയോ ആണ് സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയത്. വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേര്‍ത്താണ് സുധാകരന്‍ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്.

Exit mobile version