കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് പാരമ്യത്തില്‍; നാളെ കൊട്ടിക്കലാശം; 96 മണ്ഡലങ്ങള്‍ മൂന്നാം ഘട്ടത്തില്‍ ബൂത്തിലേക്ക്; അമിത് ഷായും രാഹുലും ജനവിധി തേടും

13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും.

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ നാളെ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടിക്കലാശം. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കാശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഒരു ജില്ലയിലും വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുര ഈസ്റ്റിലും ചൊവ്വാഴ്ച തന്നെയാണ് വോട്ടെടുപ്പ്.

ഏഴു ഘട്ടമായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ജനവിധി തേടുന്നതും ഈ മൂന്നാം ഘട്ടത്തിലാണ്. കേരളത്തിന് പുറമെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ചൊവ്വാഴ്ച വിധിയെഴുതും. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പതിനാലു മണ്ഡലങ്ങളില്‍ വീതമാണ് വോട്ടെടുപ്പ്.

യുപിയിലെ പത്തും ഛത്തീസ്ഗഡിലെ ഏഴും ഒഡിഷയിലെ ആറും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും അഞ്ചു വീതവും ആസാമിലെ നാലു മണ്ഡലങ്ങളും ബൂത്തിലെത്തും. കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഒഡിഷ നിയസഭയിലെ 42 മണ്ഡലങ്ങളിലെ വോട്ടെടുപ്പും മൂന്നാം ഘട്ടത്തിലാണ്.

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരമാണ് മൂന്നാം ഘട്ടത്തില്‍ നടക്കാനിരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നു ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്.

Exit mobile version