14 ജില്ലകളിലായി ആകെ 240 ക്രിമിനല്‍ കേസുകള്‍; വധശ്രമവും ആക്രമണവും ഉള്‍പ്പടെ നിരവധി വകുപ്പുകള്‍; ജന്മഭൂമിയുടെ നാല് പേജുകളില്‍ നിറഞ്ഞ് കവിഞ്ഞ് കെ സുരേന്ദ്രന്റെ ക്രിമിനല്‍ കേസുകള്‍

സുരേന്ദ്രന്റെ പേരില്‍ 240 കേസുകള്‍ ഉള്ളതുകൊണ്ട് അവയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന്റെ നാല് മുഴുവന്‍ പേജുകള്‍ വേണ്ടിവന്നു.

പത്തനംതിട്ട: കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ സ്വന്തം പേരിലുള്ള സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഇതിന്റെ വിശദാംശങ്ങള്‍ കെ സുരേന്ദ്രന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ നാല് മുഴുവന്‍ പേജുകളിലായാണ് കെ സുരേന്ദ്രന്‍ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരില്‍ കേസുകളുണ്ട്.

വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് അക്രമം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി നിരവധി വകുപ്പുകളിലായാണ് കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍. ഇവയില്‍ മിക്കതും ശബരിമല സമരകാലത്ത് എടുത്തവയാണ്. കൊല്ലം ജില്ലയില്‍ മാത്രം കെ സുരേന്ദ്രന്റെ പേരില്‍ 68 കേസുകളുണ്ട്. രണ്ടാം സ്ഥാനം ആലപ്പുഴയ്ക്കാണ് 56 കേസുകള്‍.

കേസിന്റെ എണ്ണമിങ്ങനെ: തിരുവനന്തപുരം 3, കൊല്ലം 68, പത്തനംതിട്ട 30, ആലപ്പുഴ 56, കോട്ടയം 8, ഇടുക്കി 17, എറണാകുളം 13, തൃശ്ശൂര്‍ 6, കോഴിക്കോട് 2, മലപ്പുറം 1, വയനാട് 1, കണ്ണൂര്‍ 1, കാസര്‍കോട് 33 മിക്ക കേസുകളിലും അന്വേഷണം നടക്കുകയാണ്.

ജില്ലാ വരണാധികാരി പുറത്തിറക്കിയ പ്രചാരത്തിലുള്ള പത്രങ്ങളുടെ പട്ടികയിലെ ഏതെങ്കിലും ഒരു പത്രത്തില്‍ മൂന്ന് തവണയോ മൂന്ന് പത്രങ്ങളില്‍ ഓരോ തവണ വീതമോ സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. സുരേന്ദ്രന്റെ പേരില്‍ 240 കേസുകള്‍ ഉള്ളതുകൊണ്ട് അവയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന്റെ നാല് മുഴുവന്‍ പേജുകള്‍ വേണ്ടിവന്നു.

ഇതിനുപുറമെ, പ്രചാരമുള്ള ടിവി ചാനലുകളിലും കേസ് വിവരങ്ങള്‍ കാട്ടി പരസ്യം നല്‍കേണ്ടതുണ്ട്. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയില്‍ കൃത്യമായി മനസിലാകുന്ന തരത്തില്‍ കുറഞ്ഞത് ഏഴ് സെക്കന്റെങ്കിലും നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ പരസ്യം നല്‍കണം എന്നാണ് നിര്‍ദ്ദേശം. അത്തരത്തില്‍ മൂന്നുതവണ പരസ്യം നല്‍കണം. ഇത്തരത്തില്‍ ഒരു തവണ പരസ്യം ചെയ്യാന്‍ വേണ്ടി 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. മൂന്ന് തവണ പരസ്യം നല്‍കാന്‍ 60 ലക്ഷം രൂപ വേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഒരു സ്ഥാനാര്‍ത്ഥിക്ക് നിയമപരമായി ചെലവഴിക്കാനാകുന്നത് 75 ലക്ഷം രൂപയാണ്. അതായത് കണക്കുകള്‍ പ്രകാരം 15 ലക്ഷം രൂപയേ സുരേന്ദ്രന് പ്രചാരണ ചെലവുകള്‍ക്കായി ഉപയോഗിക്കാനാകൂ. ഇത് ലംഘിക്കുന്നതായി കണ്ടാല്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്യാനാകും.

Exit mobile version