ബിജെപിക്കുള്ളില്‍ യുഡിഎഫിനായി വോട്ട് മറിക്കലും, പൊട്ടിത്തെറിയും; കൊല്ലത്തെ ബിജെപി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത്; കൂട്ടത്തോടെ പാര്‍ട്ടി വിടാനും നീക്കം

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ ഓടി നടക്കുന്നതിനിടെ ബിജെപിക്ക് ഉള്ളില്‍ പൊട്ടിത്തെറി. ബിജെപിക്കുള്ളില്‍ വോട്ട് മറിക്കല്‍ നടക്കുന്നെന്ന ആരോപണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ജില്ലയിലെ യുവാക്കളടങ്ങിയ വലിയൊരു വിഭാഗം പ്രതിഷേധിക്കുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

നേരത്തെ, കൊല്ലത്ത് ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് യുഡിഎഫിന് വേണ്ടി വോട്ട് മറിക്കാനാണെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് പരസ്യമായി ഇത് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് വ്യക്തമാക്കി. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

Exit mobile version