ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനര്‍ പണം തട്ടിയെടുത്തു; സംരക്ഷണം നിഷേധിച്ചു; പരാതിയുമായി അമ്മ ഹൈക്കോടതിയില്‍

കൊച്ചി: പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശബരിമല ക്ഷേത്രത്തിലെ മുന്‍ തന്ത്രി കണ്ഠരര് മോഹനരരുടെ അമ്മ കോടതിയില്‍. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അവരുടെ അറിവില്ലാതെ കണ്ഠരര് മോഹനര് പണം പിന്‍വലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും മകളുടെ വീട്ടില്‍ അഭയം തേടുകയായിരുന്നെന്നും പരാതിയിലുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്.

കണ്ഠരര് മോഹനര്‍ക്കെതിരെ കേരള ഹൈക്കോടതിയിലാണ് അമ്മ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ബാങ്കില്‍ പോകാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Exit mobile version