ചെറുകിട വ്യവസായങ്ങള്‍ക്ക് 59 മിനിറ്റിനുള്ളില്‍ വായ്പ; തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍

ഇടുക്കി: 59 മിനിറ്റുകള്‍ക്കുള്ളില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. ഇടുക്കിയില്‍ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആര്‍കെ സിംഗ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ ഒരു കോടി രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് താങ്ങാകുകയാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

Psbloansin59minutes.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കിയാല്‍ 59 മിനിറ്റിനുള്ളില്‍ പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി വായ്പയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കും. തുടര്‍ന്ന് ചുവപ്പ് നാടകള്‍ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിക്കും.

പദ്ധതിയുടെ ദേശീയ തലത്തിലുള്ള ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. ദേശീയ അടിസ്ഥാനത്തില്‍ 80 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്ത് നിന്ന് ഇടുക്കി, കോട്ടയം ജില്ലകളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇടുക്കിയില്‍ കാര്‍ഷിക മേഖലയില്‍ അടിസ്ഥിതമായ ചെറുകിട വ്യവസായങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം പ്രധാനമായും ലഭിക്കുക. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇടുക്കിയില്‍ വായ്പകള്‍ അനുവദിക്കുന്നത്.

Exit mobile version