നമ്മള്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തിലെന്ന് രാഹുല്‍; പരിഭാഷയില്‍ ആര്‍എസ്എസിനെ വെട്ടി ഇടതുപക്ഷത്തെ തിരുകി കയറ്റി പിജെ കുര്യന്‍; ഒടുവില്‍ തലയില്‍ കൈവെച്ച് രാഹുലും

. രാഹുല്‍ പറഞ്ഞ പലകാര്യങ്ങളും വളച്ചൊടിക്കുകയും, നേരെ വിപരീത ദിശയിലേക്ക് തിരിച്ചുവിട്ടും പിജെ കുര്യന്‍ രാഹുലിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു.

പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം പരിഭാഷപ്പെടുത്തിയ പിജെ കുര്യന്‍ കോണ്‍ഗ്രസിനെ ഒന്നടങ്കം വെട്ടിലാക്കി. രാഹുല്‍ പറഞ്ഞ പലകാര്യങ്ങളും വളച്ചൊടിക്കുകയും, നേരെ വിപരീത ദിശയിലേക്ക് തിരിച്ചുവിട്ടും പിജെ കുര്യന്‍ രാഹുലിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി പറയാത്ത പല കാര്യങ്ങളും തിരുകി കയറ്റിയും പിജെ കുര്യന്‍ പരിഭാഷകര്‍ക്കിടയില്‍ ‘വ്യത്യസ്തനായി’. ഇടതുപക്ഷത്തിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ രാഹുലിനെ കടുത്ത മാര്‍ക്‌സിസ്റ്റ് വിരുദ്ധനാക്കിയാണ് പിജെ കുര്യന്‍ ദൗത്യം അവസാനിപ്പിച്ചത്. ‘വി ആര്‍ കറന്റലി ഇന്‍വോള്‍വ്ഡ് ഇന്‍ എ ഫൈറ്റ് വിത്ത് ആര്‍എസ്എസ് ആന്റ് ബിജെപി’ എന്ന രാഹുലിന്റെ ബിജെപി-ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തിന് പിജെ കുര്യന്‍ നല്‍കിയ പരിഭാഷ ഇങ്ങനെ ‘ഞങ്ങള്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമായിട്ട് ഒരു തികഞ്ഞ, കടുത്ത മത്സരത്തിലാണ്.’

ആര്‍എസ്എസ് എന്ന വാക്ക് പിജെ കുര്യന്‍ ഉരിയാടിയതേയില്ല. പകരം എടുത്തിട്ടത് സിപിഎമ്മിന്റെ പേരും. കുര്യന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ രാഹുല്‍ പ്രസംഗം തുടരുകയും ചെയ്തു. എന്നാല്‍ ധാരാളം തെറ്റ് വരുത്തിയും പരാമര്‍ശങ്ങള്‍ മാറ്റിപ്പറഞ്ഞും പിജെ കുര്യന്‍ അബദ്ധങ്ങള്‍ ആവര്‍ത്തിച്ചതോടെ രാഹുലിന്റെ സമനില തെറ്റി. മൂന്നോളം തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്തു. മറ്റാരെയെങ്കിലും പരിഭാഷയ്ക്ക് ലഭിക്കുമോ എന്നു പോലും ഒരു ഘട്ടത്തില്‍ രാഹുല്‍ ചോദിച്ചു. പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ താന്‍ മലയാളം പഠിച്ചിട്ട് പ്രസംഗിക്കാന്‍ ശ്രമിക്കുമെന്ന രാഹുലിന്റെ വാക്കുകള്‍ പിജെ കുര്യനെ ട്രോളിയതാണെന്ന വാദവുമായി സോഷ്യല്‍മീഡിയ രംഗത്തെത്തി.

Exit mobile version